ഡി ലിറ്റ് വിവാദം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് വിസി ഗവർണർക്ക് നൽകിയ കത്ത് പുറത്ത്

  • 08/01/2022

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ചെന്ന് വ്യക്തമാക്കി കേരള സർവ്വകലാശാല വിസി ഡോ. വി പി മഹാദേവൻ പിള്ള ഗവർണർക്ക് നൽകിയ കത്ത് പുറത്ത്. ഡി ലിറ്റ് ശുപാർശ സിൻഡിക്കേറ്റ് തള്ളിയെന്ന് ഡിസംബർ ഏഴിന് വിസി ഗവർണ്ണറെ കത്തിലൂടെ അറിയിച്ചു. 

രാജ്ഭവനിൽ നേരിട്ട് എത്തിയാണ് വിസി ഗവർണർക്ക് കത്തുനൽകിയത്. ഔദ്യോഗിക ലെറ്റർ പാഡിലല്ലാതെ വെള്ളക്കടലാസിലാണ് കത്ത് എഴുതിയിരിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് സിൻഡിക്കേറ്റ് അംഗങ്ങളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ സിൻഡിക്കേറ്റ് അംഗങ്ങൾ അത് നിഷേധിച്ചെന്നാണ് വിസിയുടെ കത്തിൽ പറയുന്നത്. 

ഡി ലിറ്റ്  ശുപാർശ സർക്കാർ തള്ളിയോ എന്ന ചോദ്യത്തോട് രാജ്യത്തിൻറെ യശസിനെ ബാധിക്കുന്ന ഒരു കാര്യവും വെളിപ്പെടുത്താൻ ഇല്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഗവർണർ പറഞ്ഞത്. മര്യാദ കാരണം എല്ലാം തുറന്ന് പറയുന്നില്ല. ചാൻസലർ സ്ഥാനത്ത് തുടരാൻ കഴിയാത്ത അതീവ ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളത്. ഒരു നിലയ്ക്കും തുടരാനാവാത്ത ഗുരുതര സംഭവങ്ങൾ ഉണ്ടായപ്പോഴാണ് സ്ഥാനമൊഴിയേണ്ടി വന്നതെന്നും ഗവർണർ പറഞ്ഞിരുന്നു. വിസി ഗവർണർക്ക് കത്തുനൽകിയതിന് പിന്നാലെ പിറ്റേദിവസം ചാൻസലർ പദവി ഒഴുകയാണെന്ന് വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തുനൽകുകയായിരുന്നു. 

Related News