രണ്ട് ഡോസ് വാക്സിനെടുത്ത വിദ്യാര്‍ത്ഥികളെ പ്രതിവാര ആന്റിജന്‍ പരിശോധനയിൽ നിന്ന് ഒഴിവാക്കി

  • 12/02/2022


ദോഹ: ഖത്തറിലെ വിദ്യാര്‍ത്ഥികളില്‍ രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരെയും കൊവിഡ് ബാധിച്ച് സുഖം പ്രാപിച്ചവരെയും പ്രതിവാര ആന്റിജന്‍ പരിശോധനയില നിന്ന് ഒഴിവാക്കി. അടുത്തയാഴ്‍ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്ന് വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചതിന്റെയോ അല്ലെങ്കില്‍ കൊവിഡ് ബാധിച്ച് സുഖംപ്രാപിച്ചെന്ന് തെളിയിക്കുന്നതിനായി ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റോ ഹാജരാക്കിയാല്‍ മതി. വാക്സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും കൊവിഡ് ബാധിക്കാത്തവര്‍ക്കും എല്ലാ ആഴ്‍ചയും വീടുകളില്‍ വെച്ച് ചെയ്യുന്ന കൊവിഡ് ആന്റിജന്‍ പരിശോധന നിര്‍ബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ടെസ്റ്റ് കിറ്റുകള്‍ സ്‍കൂളുകള്‍ വഴി കുട്ടികള്‍ക്ക് വിതരണം ചെയ്യും. 

ഇതോടൊപ്പം പൊതുജനാരോഗ്യ മന്ത്രാലയം വിവിധ തലങ്ങളില്‍ നടത്തുന്ന റാന്‍ഡം പരിശോധനകളും തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. സ്‍കൂളുകള്‍ കൊവിഡിന് മുമ്പുണ്ടായിരുന്ന സമയക്രമം അനുസരിച്ച് ഫെബ്രുവരി 20 മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങും. ഫിസിക്കല്‍ എജ്യുക്കേഷന്‍ ക്ലാസുകള്‍, സ്‍കൂള്‍ ട്രിപ്പുകള്‍ ഉള്‍പ്പെടെയുള്ള   പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവ ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് തുടരും

Related News