ഖത്തറിൽ കൂറ്റൻ ഡ്രെയിനേജ് സംവിധാനം ഒരുങ്ങുന്നു, നിർമാണപ്രവർത്തികൾക്ക് തുടക്കം

  • 21/02/2022



ദോഹ: രാജ്യത്ത് പുതുതായി നിർമിക്കുന്ന പടുകൂറ്റൻ ഡ്രെയിനേജ് സംവിധാനത്തിന്റെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി അഷ്‌ഗാൽ അറിയിച്ചു. അൽ വക്ര, അൽ വുഖൈർ തുടങ്ങിയ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡ്രെയിനേജ് സംവിധാനത്തിന് 13 കിലോമീറ്ററോളം നീളമുണ്ടാവും. 

ഖത്തറിന്റെ ചരിത്രത്തിൽ, പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിക്കുന്ന ആദ്യ പ്രൊജക്റ്റാണ് ഈ ഡ്രെയിനേജ് എന്നും അഷ്‌ഗാൽ അറിയിച്ചു. ടണൽ ഖനനത്തിന് ഉപയോഗിക്കുന്ന പ്രത്യേക മെഷീൻ പ്രവർത്തിപ്പിച്ചുകൊണ്ടാണ് അഷ്‌ഗാൽ നിർമാണ പ്രവൃത്തികൾ ഉദ്ഘാടനം ചെയ്തത്. 

ഒരു ദിവസം ശരാശരി 150 മില്യൺ ലിറ്റർ ജലം വഹിക്കാൻ ശേഷിയുള്ള ടണലാണ് ഡ്രെയിനേജിനായി ഒരുക്കുന്നത്. 4.5 മീറ്ററാകും ടണലിന്റെ വ്യാസം. ഏതാണ്ട് 859 മില്യൺ റിയാലാണ് പദ്ധതിക്ക് ചെലവാകുകയെന്നും അഷ്‌ഗാൽ വിശദീകരിച്ചു. 60 ഷാഫ്റ്റുകൾ ഉപയോഗിച്ച്, നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ടണലുകൾ സ്ഥാപിക്കുന്നത്. 

പദ്ധതിയിൽ പങ്കാളിത്തമുള്ള 'ഖത്തറി ഗ്രൂപ്പ് ഫോർ ട്രേഡിങ്ങ് ആൻഡ് കോൺട്രാക്ടിങ്' 400 മില്യൺ ചെലവഴിച്ചാണ് ടണലുകൾ നിർമിക്കുന്നത്. അൽ വക്ര, അൽ വുഖൈർ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഈ ഡ്രെയിനേജ് സംവിധാനം ഏറെ ഉപകാരപ്രദമാകും.

Related News