പ്രവാസി ജീവനക്കാര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുകയും വേണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

  • 23/02/2022


ദോഹ: ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാര്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും രാജ്യത്തിന്റെ സംസ്‍കാരത്തെയും പൈതൃകത്തെയും ബഹുമാനിക്കുകയും വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. 

ജീവനക്കാരുടെ വസ്‍ത്രധാരണം രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമാകരുതെന്ന് അവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കമ്പനികളോട് നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഇത് സംബന്ധിച്ചുള്ള അറിയിപ്പുകള്‍ നല്‍കിയത്.

ഖത്തറിലെത്തുന്ന പ്രവാസികള്‍ അവരുടെ സ്വന്തം രാജ്യത്തിന്റെ പ്രതിനിധികളും അംബാസഡര്‍മാരും ആയതിനാല്‍ ഏറ്റവും ഉന്നതവും കുലീനവുമായ ധാര്‍മിക മൂല്യങ്ങള്‍ പിന്തുരടണം. സ്വന്തം രാജ്യത്തിന്റെ ഏറ്റവും തിളക്കമേറിയ പ്രതിച്ഛായ ആയിരിക്കണം അവരിലൂടെ ഖത്തറില്‍ ദൃശ്യമാകേണ്ടതെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിലെ ലഫ്. കേണല്‍ അലി ഫലാഹ് അല്‍ മറി പറഞ്ഞു. 

രാജ്യത്തെ കുറ്റകൃത്യങ്ങള്‍ തടയുന്നിതിനുള്ള കൂട്ടുത്തരവാദിത്തം സംബന്ധിച്ച് അല്‍ റയ്യാന്‍ സെക്യൂരിറ്റി ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് വിഭാഗം സംഘടിപ്പിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഏതൊരു പ്രവാസിയും അയാള്‍ താമസിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ പാലിക്കുകയും അവിടുത്തെ ആചാരങ്ങളെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചും ബോധവാനായിരിക്കുകയും വേണം. അതിന് പകരമായി ആ രാജ്യം അയാള്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണ്.

Related News