ഖത്തറിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും രണ്ടാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു

  • 01/03/2022


ദോഹ: രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞതോടെ, പി.എച്ച്.സി.സി രണ്ടാം ഘട്ട ഇളവുകൾ പ്രഖ്യാപിച്ചു. മൂന്ന് ഘട്ടങ്ങളിലായാണ് ഇളവുകൾ അനുവദിക്കുക എന്ന് ആരോഗ്യമന്ത്രാലയം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇന്ന് മുതലാണ് രണ്ടാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരിക. ഖത്തറിലെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഇന്നുമുതൽ 75 ശതമാനം രോഗികൾക്കും നേരിട്ടെത്തി ചികിത്സ തേടാം. 

ഫാമിലി മെഡിസിൻ, ജനറൽ, ദന്തരോഗം, മറ്റ് പ്രത്യേക വിഭാഗങ്ങൾ തുടങ്ങി എല്ലാ അസുഖങ്ങൾക്കും ഈ ഇളവ് ലഭിക്കും. അതേ സമയം, ഓൺലൈനായി സേവനം ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കുന്ന നടപടി തുടരും. 

റൗദത്ത് അൽ ഖൈൽ ഹെൽത്ത് സെന്റർ കോവിഡിന് മാത്രമായി സജ്ജീകരിച്ച തീരുമാനം തുടരുമെന്നും അധികൃതർ വ്യക്തമാക്കി. മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വൈകീട്ട് നാല് മണി മുതൽ രാത്രി 11 മണിവരെ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കും.

 ആഴ്ചയിലെ 7 ദിവസവും ഈ സേവനം ലഭ്യമാക്കും. ഫെബ്രുവരി ഒന്നിനാണ് ആദ്യ ഘട്ട ഇളവുകളിലൂടെ 50 ശതമാനം രോഗികൾക്കും നേരിട്ടെത്തി ചികിത്സ നേടാനുള്ള സൗകര്യം ഒരുക്കിയത്. ഈ ഘട്ടം വിജയമായതോടെയാണ് ഇന്ന് മുതൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.

Related News