ഖത്തറിൽ കോവിഡ് നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ

  • 12/03/2022


ദോഹ : ഖത്തറിൽ കോവിഡ് പ്രതിദിന കണക്കുകളും രോഗവ്യാപനവും ഗണ്യമായി കുറഞ്ഞതിന് പിന്നാലെ പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. കോവിഡിനെ പ്രതിരോധിക്കുന്നതിനുള്ള മുൻകരുതൽ നടപടികളിൽ കാര്യമായ ഇളവുകളൊന്നും ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഘട്ടം ഘട്ടമായി ജനജീവിതം സാധാരണ നിലയിലാക്കാനുള്ള ജാഗ്രതയോടെയുള്ള നടപടികളാണ് അധികൃതർ സ്വീകരിക്കുന്നത്. 

മാസ്‌കുകളുടെ ഉപയോഗത്തിന് കണിശമായ ഉപാധികളോടെ മാത്രമാണ് ഇളവുകൾ അനുവദിക്കുന്നത്. ജനങ്ങൾ വലിയ തോതിൽ ഒത്തുകൂടുന്ന സ്ഥലങ്ങളിലെല്ലാം മാസ്ക് ധരിക്കൽ തുടർന്നും നിർബന്ധമായിരിക്കും. എന്നാൽ സ്വകാര്യ വാഹനങ്ങളിലും മറ്റും പഴയത് പോലെ മാസ്‌ക് ധരിക്കേണ്ടതില്ല എന്ന നിർദേശം ആശ്വാസമാകും. ദോഹ മെട്രോ, പൊതുഗതാഗത സംവിധാനങ്ങൾ എന്നിവയിൽ തുടർന്നും മാസ്ക് നിർബന്ധമായിരിക്കും.

അതേസമയം, വാഹനങ്ങളിലും അടഞ്ഞതും തുറന്നതുമായ പൊതു-സ്വകാര്യ ഇടങ്ങളിലും കൂടുതൽ പേർക്ക് ഇന്ന് മുതൽ പ്രവേശനം അനുവദിക്കും. ആളുകളുടെ എണ്ണത്തിലും ശേഷിയിലും നിലനിന്നിരുന്ന നിയന്ത്രണങ്ങൾ ഇന്ന് മുതൽ നീക്കം ചെയ്യും. പള്ളികളിലെ മുഴുവൻ നിയന്ത്രണങ്ങളും നീക്കം ചെയ്യുന്നതോടെ സ്വന്തമായി മുസല്ല കൊണ്ടുവരണമെന്ന നിബന്ധനയും ഇല്ലാതാവും. 

പള്ളിയിൽ പ്രവേശിക്കുന്നതിന് ഇഹ്തിറാസ് പരിശോധന ഒഴിവാക്കുന്നതും വലിയ അളവിൽ ആശ്വാസമാകും. സ്ത്രീകൾക്കുള്ള നമസ്കാര സ്ഥലങ്ങളും ഇന്നുമുതൽ തുറക്കും. സാമൂഹിക അകലം ഒഴിവാക്കുന്നതോടെ കൂടുതൽ പേർക്ക് ഒരേ സമയം പള്ളികളിൽ പ്രാർത്ഥന നിർവഹിക്കാനാകും. വ്രതാരംഭത്തിന് തൊട്ടുമുമ്പുള്ള ഈ ഇളവുകൾ വിശ്വാസികൾക്ക് ഏറെ ആശ്വാസം പകരുന്ന തീരുമാനമാണ്.

വാക്സിനെടുക്കാത്തവർക്കുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരാൻ തന്നെയാണ് തീരുമാനം. റാപിഡ് ആന്റിജൻ പരിശോധന ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഇവർക്ക് തുടർന്നും ബാധകമായിരിക്കും. വിവാഹ പാർട്ടികൾ, ഈവന്റുകൾ എന്നിങ്ങനെ ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ ഇവർക്ക് നിയന്ത്രണങ്ങളുണ്ടാവും.

Related News