ഖത്തറിൽ ഓൺഅറൈവൽ വിസയുടെ കാലാവധി നീട്ടിനൽകില്ലെന്ന് വ്യാജ പ്രചാരണം

  • 14/03/2022


ദോഹ: ഓൺഅറൈവൽ വിസയിൽ ഖത്തറിലേക്ക് വരുന്നവർക്ക് ബാങ്ക് കാർഡ് നിർബന്ധമാക്കിയതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നു. ഓൺഅറൈവൽ വിസകൾ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകുന്ന സംവിധാനം നിർത്തലാക്കിയെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിലുള്ള വ്യാജ സ്‌ക്രീൻ ഷോട്ട് സഹിതം കഴിഞ്ഞ ദിവസങ്ങളിൽ വാട്സ്ആപ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. അതേസമയം, കഴിഞ്ഞ ദിവസം രാത്രിയിലും ഓൺഅറൈവൽ വിസയിൽ ദോഹയിൽ എത്തിയവർക്ക് വിസാ കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്.

നിലവിലെ സംവിധാനം അനുസരിച്ച് ഓൺഅറൈവൽ വിസയിൽ ഖത്തറിൽ എത്തുന്നവർക്ക് വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വേണമെങ്കിൽ മുപ്പത് ദിവസത്തേക്ക് കൂടി വിസാ കാലാവധി നീട്ടാവുന്നതാണ്. ഇതിനായി ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ വിസാ വിഭാഗത്തിൽ ആവശ്യമായ വിവരങ്ങൾ നൽകിയാൽ മതിയാകും. ഓൺ അറൈവൽ വിസയിൽ രാജ്യത്തെത്തുന്നവർക്ക് ആകെ അറുപത് ദിവസങ്ങളാണ് അനുവദിക്കുക. ഇത് കഴിഞ്ഞാൽ ഒരു ദിവസത്തിന് 200 റിയാൽ വീതം പിഴയൊടുക്കേണ്ടി വരും. വിമാനത്താവളത്തിൽ തന്നെയുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ കൗണ്ടറിൽ ഖത്തറിലെ ബാങ്ക് കാർഡ് വഴിയാണ് പിഴത്തുക അടക്കേണ്ടത്.

അതേസമയം, ഓൺഅറൈവൽ വിസയിൽ എത്തുന്നവർക്ക് സ്വന്തം പേരിലുള്ള ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉണ്ടായിരിക്കണമെന്ന നിബന്ധന യാത്രക്കാർക്ക് വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്.

Related News