തിരക്കേറിയ ഹൈവേയില്‍ ഓടുന്ന കാറിന് മുകളില്‍ മദ്യപിച്ച് 'ലക്കുകെട്ട്' യുവാക്കളുടെ ഡാന്‍സ്; കാറുടമയക്ക് പിഴ, വീഡിയോ

  • 02/04/2022

ലഖ്‌നൗ: തിരക്കേറിയ എക്‌സ്പ്രസ് ഹൈവേയില്‍ വച്ച് ഓടുന്ന കാറിന് മുകളില്‍ കയറി മദ്യലഹരിയില്‍ യുവാക്കളുടെ ഡാന്‍സ്. സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പ്രചരിച്ചതിനെ തുടർന്ന് കാറുടമയ്ക്ക് പൊലീസ് പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. 20000 രൂപയാണ് പിഴയീടാക്കിയത്. 

ഗാസിയാബാദ് പൊലീസാണ് കാര്‍ ഉടമയ്‌ക്കെതിരെ നടപടിയെടുത്തത്. ഡല്‍ഹി- മീററ്റ് എക്‌സ്പ്രസ് ഹൈവേയില്‍ വച്ചാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഒരു കൂട്ടം യുവാക്കളുടെ മദ്യപിച്ച് ലക്കുകെട്ടുള്ള അഭ്യാസപ്രകടനം. യുവാക്കള്‍ എര്‍ട്ടിഗ കാറിന്റെ മുകളില്‍ കയറിയാണ് മദ്യ ലഹരിയില്‍ ഡാന്‍സ് കളിച്ചത്. ഒപ്പമുള്ള മറ്റൊരു യുവാവാണ് കാര്‍ ഓടിക്കുന്നത്. ഇവര്‍ക്കൊപ്പം തന്നെയുള്ള മറ്റൊരാള്‍ ഇത് മൊബൈലില്‍ പകര്‍ത്തുന്നതും വീഡിയോയില്‍ കാണാം.

തിരക്കുള്ള റോഡില്‍ കാര്‍ നീങ്ങുന്ന സമയത്താണ് ഡാന്‍സ് കളിക്കുന്നത്. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണിത്. കാറിന്റെ നമ്പർ പ്ലേറ്റും വീഡിയോയിൽ ദൃശ്യമാണ്,അത് ഉടൻ തന്നെ വൈറലായി. മുഖ്യ മോഹിത് ഗുര്‍ജര്‍ എന്നയാളാണ് കാറിന്റെ ഉടമ. ട്വിറ്റര്‍ വഴിയുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് പിഴ ശിക്ഷയിട്ടതെന്ന് ഗാസിയാബാദ് പൊലീസ് വ്യക്തമാക്കി. ട്രാഫിക്ക് നിയമ ലംഘനത്തിനാണ് നടപടി. ഗാസിയാബാദ് പൊലീസിനെ വീഡിയോയിൽ ടാഗ് ചെയ്തതോടെയാണ് കാർ ഉടമയ്ക്കെതിരെ നടപടിയെടുത്തത്. 

ട്വിറ്ററിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ, ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിന് പ്രസ്തുത വാഹന ഉടമയ്‌ക്കെതിരെ മൊത്തം 20,000 രൂപ ചലാൻ ചുമത്തിയതായി ഗാസിയാബാദ് ട്രാഫിക് പൊലീസ് പ്രതികരിച്ചു. വാഹനത്തിന്റെ ഉടമയുടെ പേരും രജിസ്‌ട്രേഷൻ നമ്പറും ഉൾപ്പെടെയുള്ള വിവരങ്ങളടങ്ങിയ ഇ-ചലാന്റെ പകർപ്പും ട്രാഫിക് പോലീസിന്റെ ട്വീറ്റിലുണ്ട്.

Related News