ഖത്തറിലെ പ്രവാസികൾക്ക് രേഖകളിലെ പിഴവുകൾ തിരുത്താൻ ഒരവസരം കൂടി

  • 11/04/2022



ദോഹ : ഖത്തറിലെ പ്രവാസികൾക്ക് രേഖകളിലെ പിഴവുകൾ തിരുത്താൻ ഒരവസരം കൂടി. വിസ ചട്ടങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്നവർക്ക് രേഖകൾ ശരിയാക്കാൻ ഏപ്രിൽ 30 വരെ സമയം അനുവദിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാർച്ച് 30 ന് ഈ സമയപരിധി അവസാനിക്കും എന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ സേർച്ച്‌ ആൻഡ് ഫോളോ അപ്പ് വിഭാഗത്തിലൂടെയാണ് രേഖകൾ ശരിയാക്കാനുള്ള അപേക്ഷ നൽകേണ്ടത്. 

കമ്പനി ഉടമകൾക്കും പ്രവാസികളായ തൊഴിലാളികൾക്കും അൻപത് ശതമാനം പിഴയിളവോടെ രേഖകളിലെ തെറ്റുകൾ തിരുത്താനുള്ള അവസരമാണ് പൊതുമാപ്പ് കാലയളവിൽ ലഭിക്കുന്നത്. ഈ ആനുകൂല്യം ഏവർക്കും ലഭ്യമാവുന്നുണ്ട് എന്നുറപ്പാക്കാനാണ് ഒരുമാസം കൂടെ സമയം അനുവദിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു. ഒരു തൊഴിലുടമയിൽ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് സ്പോൺസർഷിപ്പ് മാറ്റേണ്ടവർ അൽ റയ്യാൻ, ഉംസലാൽ, അൽ വക്ര, മിസൈമീർ, ഉമ്മുസെനൈം എന്നീ സർവീസ് സെന്ററുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

നിലവിലെ സ്പോൺസർക്ക് കീഴിൽ തന്നെ തുടർന്നുകൊണ്ട് രേഖകൾ ശരിയാക്കേണ്ടവർക്ക് മുകളിൽ പറഞ്ഞ സെന്ററുകളും, ഒപ്പം ദുഖാൻ, ദി പേൾ, സൂഖ് വാഖിഫ്, അൽ ശഹാനിയ, അൽ ഖോർ, അൽ ദയാൻ, ഉനൈസ എന്നീ സെന്ററുകളും സന്ദർശിക്കാം. 2021 ഒക്ടോബർ 10 ന് പ്രഖ്യാപിക്കപ്പെട്ട ഈ പൊതുമാപ്പ് ഉപയോഗിച്ച് നിരവധി പ്രവാസികൾ ഇതിനോടകം രേഖകളിലെ പിഴവുകൾ തിരുത്തിയിട്ടുണ്ട്.

Related News