ഖത്തറിൽ വില്ലകൾ വിഭജിച്ചു നൽകുന്നത് തടയണമെങ്കിൽ വാടക കുറക്കണമെന്ന് മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ

  • 18/04/2022


ദോഹ : ഖത്തറിൽ വില്ലകൾ അനധികൃതമായി വിഭജിച്ചു നൽകുന്നത് തടയണമെങ്കിൽ താമസ വാടക നിരക്ക് കുറക്കണമെന്നും വാടക വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാർ ഉചിതമായ നടപടി സ്വീകരിക്കണമെന്നും സെൻട്രൽ മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.

രാജ്യത്ത് ഫ്ലാറ്റ് വാടക വർധിക്കുന്നതാണ് വില്ലകൾ വിഭജിക്കാൻ കാരണം. വില്ല വിഭജനം നിയമവിരുദ്ധമാണെങ്കിലും ഈ പ്രവണത തുടരുകയാണ്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും വാടക നിയന്ത്രണത്തിലൂടെ  മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു എന്നും  മുനിസിപ്പൽ കൌൺസിൽ അംഗങ്ങൾ  ചൂണ്ടിക്കാട്ടി.
അധികാരികൾ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിലും ദോഹയിൽ മാത്രം നിലനിന്നിരുന്ന വില്ല വിഭജനം ഇപ്പോൾ മറ്റു സ്ഥലങ്ങളിലും വ്യാപിച്ചിരിക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.

"പലപ്പോഴും ഒരാളുടെ ശമ്പളത്തിന്റെ 60-80 ശതമാനം വാടകക്ക് വേണ്ടി നീക്കിവെക്കേണ്ടി വരുന്നു. ഇതിനുപുറമെ മറ്റു ബില്ലുകളും സ്‌കൂൾ ഫീസും താങ്ങാവുന്നതിലപ്പുറമാണ്. അപ്പോൾ ഏറ്റവും ചുരുങ്ങിയ വാടക ലഭിക്കുന്ന സ്ഥലങ്ങൾ ആളുകൾ അന്വേഷിക്കുന്നു," നായിഫ് അൽ അഹ്ബാബി പറഞ്ഞു.

അതേസമയം സുരക്ഷിതമായി വില്ലകൾ വിഭജിക്കാൻ നിയമപരമായി അനുവദിക്കണമെന്നും ഇതിനായി മാനദണ്ഡങ്ങൾ പുറത്തിറക്കണമെന്നും മറ്റൊരു മുനിസിപ്പൽ കൌൺസിൽ അംഗം ആവശ്യപ്പെട്ടു.

"കുറഞ്ഞ വാടകക്ക് ഫ്ലാറ്റുകൾ ലഭ്യമാക്കാൻ സാധിക്കാത്തിടത്തോളം കാലം ഇത് തടയാൻ സാധ്യമല്ല. പലർക്കും ഫ്ളാറ്റുകളിലെ വാടക താങ്ങാവുന്നതിലപ്പുറമാണ്. വില്ലകൾ വിഭജിക്കാൻ നിയമപരമായി അനുവദിച്ചാൽ വാടക കുറക്കാൻ സാധിക്കും. മുകളിലത്തെ നില, താഴത്തെ നില, കോമ്പൗണ്ട് റൂം എന്നിങ്ങനെ മൂന്ന് കുടുംബങ്ങൾക്ക് ഒരു വില്ലയിൽ താമസിക്കാൻ സാധിക്കും," ജാബർ അൽ സുവൈദി പറഞ്ഞു.

Related News