കോർണിഷ് മുഖം മിനുക്കുന്നു: വികസന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ തുറക്കുമെന്ന് അധികൃതർ

  • 24/04/2022



ദോഹ : ദോഹ നഗരത്തിന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി സഞ്ചാരികളുടെ മുഖ്യ ആകർഷണമായ കോർണിഷ് മുഖം മിനുക്കുന്നു. വികസന പദ്ധതിയുടെ ആദ്യഘട്ടം ഉടൻ സന്ദർശകർക്കായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. 

കോർണിഷിനോട് ചേർന്ന് ഖത്തറിന്റെ തനിമ  പ്രദർശിപ്പിക്കുന്ന കലാസൃഷ്ടികൾ ഉൾക്കൊള്ളുന്ന തുറന്ന പ്രദർശന ഇടങ്ങളാണ് ഉദ്ഘാടനം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

നാല് തുറന്ന പ്രദർശന സ്ഥലങ്ങളും കാൽനടയാത്രയും വാഹന  ഗതാഗതവും സുരക്ഷിതമാക്കുന്ന തരത്തിൽ നഗരത്തെ കടൽത്തീരവുമായി ബന്ധിപ്പിക്കുന്ന കാൽനട തുരങ്കങ്ങളും ഉൾപ്പെടുന്നതാണ് വികസന പദ്ധതി.കോർണിഷ് ഭാഗത്തെ നിരവധി കെട്ടിടങ്ങളുടെ മുൻഭാഗം നവീകരിച്ച് കൂടുതൽ ആകർഷണമാക്കുന്നതും പദ്ധതിയിൽ ഉൾപെടും.

വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഏറ്റവും മനോഹരമായ കടൽത്തീരങ്ങളിലൊന്നാണ് ദോഹ കോർണിഷ് എന്നും  അതുകൊണ്ടാണ് ഈ ഭാഗത്തെ സൗന്ദര്യവത്കരണത്തിന്‌ മുൻഗണന നൽകിയതെന്നും റോഡുകളുടെയും പൊതുസ്ഥലങ്ങളുടെയും സൗന്ദര്യവൽക്കരണത്തിനായുള്ള സൂപ്പർവൈസറി കമ്മിറ്റി  ഡെപ്യൂട്ടി ചെയർപേഴ്‌സൺ എൻജിനീയർ. സാറാ കഫൗദ് പറഞ്ഞു. 

ഖത്തർ റേഡിയോയുമായി സംസാരിക്കുന്നതിനിടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. 2022 നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് മുന്നോടിയായി രാജ്യത്തെ പാർക്കുകളും റോഡുകളും പൊതുസ്ഥലങ്ങളും കൂടുതൽ ആകർഷകമാക്കി സന്ദർശകർക്കായി തുറക്കാനാണ് ലക്ഷ്യമാക്കുന്നത്.

Related News