ജിസിസി രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവരെ ഇഹ്തിറാസ് രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കി

  • 30/04/2022



ദോഹ : യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് വരുന്നവരെ ഇഹ്തിറാസ് രജിസ്‌ട്രേഷൻ നടപടികളിൽ നിന്ന് ഒഴിവാക്കി. ഈ രാജ്യങ്ങളിലെ പൗരന്മാർക്കും താമസ വിസയുള്ള വിദേശികൾക്കും ഇളവ് ബാധകമായിരിക്കും. നിലവിലെ നിയമപ്രകാരം മറ്റു രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് വരുന്ന എല്ലാവരും കാലേകൂട്ടി ഇഹ്തിറാസ് ആപ്പിൽ രജിസ്റ്റർ ചെയ്ത് മുൻ‌കൂർ അനുമതി വാങ്ങിയിരിക്കണമെന്നാണ് നിബന്ധന.

എന്നാൽ ഇനിമുതൽ മറ്റു ജിസിസി രാജ്യങ്ങളിൽ നിന്ന്  വരുന്നവർ അതാത് രാജ്യങ്ങളിലെ കോവിഡ് ആപ്പുകൾ പ്രകാരമുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയാകും. ഇവർ ഖത്തറിൽ എത്തി 24 മണിക്കൂറിനകം ഏതെങ്കിലും അംഗീകൃത ക്ലിനിക്കിൽ റാപിഡ് ആന്റിജൻ പരിശോധന നടത്തിയാൽ മതിയാകും. മറ്റു ഗൾഫ് രാജ്യങ്ങളിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ പ്രഖ്യാപനം ആശ്വാസമാകും.

ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്നവർ അതാത് രാജ്യങ്ങളിൽ ഉപയോഗിക്കുന്ന അംഗീകൃത കോവിഡ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.

സൗദി അറേബ്യ : തവക്കൽന (Tawakkalna)
യു.എ.ഇ : അൽ ഹുസ്ൻ( Al Hosn)
ബഹ്‌റൈൻ : ബിവെയർ ബഹ്‌റൈൻ( BeAware Bahrain)
കുവൈത്ത് : ശ്ലോനിക്(Shlonik)
ഒമാൻ : തരസുദ്(Tarassud)
അതേസമയം, യൂറോപ്പിൽ നിന്ന് വരുന്നവർ ഖത്തറിൽ എത്തി 24 മണിക്കൂറിനകം കോവിഡ് പരിശോധന മാത്രം നടത്തിയാൽ മതിയാകും.

Related News