സീറ്റുകൾ മാറ്റി നൽകി: ഖത്തർ എയർവെയ്‌സ് യാത്രക്കാരായ ഇന്ത്യൻ ദമ്പതികൾക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  • 09/05/2022


ദോഹ : ഖത്തർ എയർവെയ്‌സ് വിമാനത്തിൽ ഇന്ത്യയിൽ നിന്നും ദോഹ വഴി അമേരിക്കയിലേക്ക് യാത്ര ചെയ്ത ഇന്ത്യൻ ദമ്പതികൾക്ക് ടിക്കറ്റ് തുക ഉൾപെടെ നഷ്ടപരിഹാരം നൽകാൻ ഹൈദരാബാദ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആവശ്യപ്പെട്ട സ്ഥാനങ്ങൾക്ക് പകരം സീറ്റുകൾ മാറ്റി നല്കിയതിനാണ് നടപടി. ടിക്കറ്റുകൾക്കായി നൽകിയ തുകയും നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവുകൾക്കായി 5000 രൂപയും നൽകണമെന്നാണ് ഉത്തരവ്.

ഹൈദരാബാദിലെ റിട്ടയേഡ് ചീഫ് എഞ്ചിനിയറായ പ്രൊഫ.സലപകം രേണുക, ഭർത്താവ് ഡോക്കു രാമകൃഷ്ണറാവു എന്നിവരാണ് പരാതിക്കാർ. കാൽമുട്ടിന് ശസ്ത്രക്രിയയ്ക്ക് വിധേയരായ പ്രൊഫ. രേണുകയും ഹൃദ്രോഗിയായ അവരുടെ ഭർത്താവും ബൻജാര ഹിൽസിലെ ഖത്തർ എയർവെയ്‌സ് ഓഫീസിൽ നിന്ന് അമേരിക്കയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഡോക്ടറുടെ നിർദേശപ്രകാരം ബൾക്ഹെഡ്( bulkhead) സീറ്റുകളാണ് ആവശ്യപ്പെട്ടിരുന്നത്. ബുക്കിങ് ഓഫീസർ ആവശ്യപ്പെട്ടതുപ്രകാരം,2017 മെയ് 6 ലെ യാത്രയ്ക്കായി ഏപ്രിൽ 1,ന് ടിക്കറ്റ് ബുക്ക് ചെയ്യുകയും മെയ് 1 ന് മെഡിക്കൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്തു.മെയ് നാലിന്, ബൾക്ക് ഹെഡ് സീറ്റുകളുടെ അലോട്ട്മെന്റ് സ്ഥിരീകരിച്ച് എയർവേസിൽ നിന്ന് ഫോൺ കോൾ ലഭിച്ചിരുന്നതായും എന്നാൽ യാത്രയിൽ ഇത് ലഭിച്ചിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.വിമാനത്തിൽ വിവിധ ക്ലാസ്സുകളെ തമ്മിൽ വേർതിരിക്കുന്ന,ചുവരിന് അഭിമുഖമായുള്ള   ബൾക്ഹെഡ് സീറ്റുകൾക്ക് പകരം യാത്രയിൽ മറ്റ് സീറ്റുകളാണ് അനുവദിച്ചത്.ഇത് യാത്രയിലുടനീളം തങ്ങൾക്ക് ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്ക് കാരണമായെന്നും തക്കതായ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു പരാതിക്കാരുടെ ആവശ്യം.

അതേസമയം, പരാതിക്കാരുടെ ആരോപണങ്ങളും അവകാശവാദങ്ങളും ഖത്തർ എയർവേസ് നിഷേധിച്ചു.സീനിയർ സിറ്റിസൺ സ്‌കീമിൽ ഉൾപെടുത്തി നിരക്കിൽ ഇളവോടു കൂടിയ ടിക്കറ്റുകളാണ് പരാതിക്കാർക്ക് നൽകിയതെന്നും ടെലിഫോണിൽ യാത്രക്കാരുമായി സംസാരിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സീറ്റുകൾ അനുവദിച്ചതെന്നും ഖത്തർ എയർവെയ്‌സ് വിശദീകരിച്ചു.വാദം കേട്ട കമ്മീഷൻ ടിക്കറ്റ് നിരക്ക് തിരികെ നൽകാനും ഇരുവർക്കും മേൽപറഞ്ഞ തുക നഷ്ടപരിഹാരമായി നൽകാനും ഖത്തർ എയർവേയ്‌സ് മാനേജ്‌മെന്റിനോട് നിർദ്ദേശിക്കുകയായിരുന്നു.

Related News