കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഖത്തര്‍ വിദേശകാര്യ സഹമന്ത്രിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തി

  • 09/05/2022



ദോഹ: മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തര്‍ തലസ്ഥാനമായ ദോഹയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖിയുമായി കൂടിക്കാഴ്ച്ച നടത്തി. 

ഊർജം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം തുടങ്ങി വിവിധ വിഷയങ്ങളിൽ നടന്ന ചർച്ച ക്രിയാത്മകമായിരുന്നുവെന്നും. ഇന്ത്യ-ഖത്തർ ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതായിരുന്നു കൂടിക്കാഴ്‍ചയെന്നും വി. മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ഞായറാഴ്‍ച ഉച്ചയ്‍ക്ക് ദോഹയിലെത്തിയ മന്ത്രിയെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തലും ഖത്തർ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത സംഘവും ചേര്‍ന്നാണ് സ്വീകരിച്ചത്. വൈകുന്നേരം ദോഹയിൽ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെയും ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെയും മറ്റ് സംഘടനകളുടെയും പ്രതിനിധികളുമായും വിദേശകാര്യ സഹമന്ത്രി ചർച്ച നടത്തി. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനിടെ ഖത്തർ വിദേശകാര്യ സഹമന്ത്രിക്ക് പുറമെ, ശൂറാ കൗൺസിൽ അധ്യക്ഷന്‍ ഹസൻ ബിൻ അബ്‍ദുല്ല അൽ ഗാനിയുമായും അദ്ദേഹം ഔദ്യോഗിക ​കൂടിക്കാഴ്‍ച നടത്തും.

തിങ്കളാഴ്‍ച ദോഹ എക്സിബിഷൻ ആന്റ്​ കൺവെൻഷൻ സെന്‍ററിൽ നടക്കുന്ന ദോഹ ജ്വല്ലറി ആന്റ് വാച്ചസ് എക്സിബിഷനിലെ ഇന്ത്യൻ പവലിയൻ മന്ത്രി ഉദ്‍ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം ആറ് മണിക്ക്​ അൽ വക്റയിൽ ഇന്ത്യൻ മത്സ്യതൊഴിലാളികളുമായി സംവദിക്കും. രാത്രി 7.30ന് ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്‍റ്റേഡിയത്തിൽ നടക്കുന്ന തൊഴിലാളി ദിന ആഘോഷ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഐ.സി.ബി.എഫിന്റെ​ നേതൃത്വത്തിലാണ് ഇന്ത്യൻ തൊഴിലാളികളെ ഉൾപ്പെടുത്തി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്‍ച രാവിലെ 11 മണിക്ക് ഖത്തര്‍ ലോകകപ്പ് വേദികളിലൊന്നായ അഹമ്മദ്​ ബിൻ അലി സ്‍റ്റേഡിയവും അദ്ദേഹം സന്ദർശിക്കും.

Related News