ഖത്തറിൽ കാറ്റും വേനൽ ചൂടും കനത്തു തുടങ്ങി: തൊഴിലിടങ്ങളിൽ സുരക്ഷ നിർദ്ദേശം

  • 16/05/2022



ദോഹ: രാജ്യത്ത് കാറ്റും വേനൽ ചൂടും കനത്തു തുടങ്ങി. തൊഴിലിടങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം. രാജ്യത്തെ എല്ലാ തൊഴിലുടമകളും തൊഴിലിടങ്ങളിൽ പ്രത്യേകിച്ചും നിർമാണ മേഖലയിൽ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയമാണ് നിർദേശിച്ചത്. രാജ്യത്ത് കനത്ത കാറ്റും ചൂടും വർധിച്ചു തുടങ്ങി.

കാറ്റിന്റെ വേഗം അളക്കാനുള്ള ഉപകരണങ്ങൾ ഉപയോഗിക്കാനും കനത്ത കാറ്റുള്ളപ്പോൾ ക്രെയ്‌നുകളുടെ പ്രവർത്തനം നിർത്തിവയ്ക്കാനും മന്ത്രാലയം നിർദേശിച്ചു. കമ്പനികൾ തൊഴിലിടങ്ങളിൽ സേഫ്റ്റി നടപടികൾ പാലിക്കുന്നുണ്ടോയെന്ന് അറിയാൻ മന്ത്രാലയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കർശന പരിശോധനയും നടക്കുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

വേനലിൽ പുറം തൊഴിലാളികളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ നടപ്പാക്കുന്ന മുൻകരുതൽ, പ്രതിരോധ നടപടികളിലൂടെ നിർജലീകരണം, സൂര്യാഘാതം, സൂര്യാതപം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഗണ്യമായി കുറയ്ക്കാൻ കഴിഞ്ഞ വർഷങ്ങളിൽ മന്ത്രാലയത്തിന് കഴിഞ്ഞിരുന്നു.

എല്ലാ വർഷവും വേനൽ കടുക്കുന്ന ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഉച്ചവിശ്രമ നിയമവും നടപ്പാക്കുന്നുണ്ട്. രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ പുറം തൊഴിലുകൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് നിയമം. കഴിഞ്ഞ വർഷം മുതൽ ഉച്ചവിശ്രമ സമയത്തിന്റെ ദൈർഘ്യവും നീട്ടിയിട്ടുണ്ട്.

തൊഴിലാളികളുടെ അവകാശ സംരക്ഷണവും ക്ഷേമവും ആരോഗ്യവും ഉറപ്പാക്കുന്നതിൽ മന്ത്രാലയം ശ്രദ്ധ ചെലുത്തുന്നുണ്ട്. വ്യവസ്ഥകൾ പാലിക്കാത്ത കമ്പനികൾക്കെതിരെ നിയമനടപടികളും സ്വീകരിക്കുന്നുണ്ട്. സേവനങ്ങളുടെ നവീകരണത്തിലൂടെ സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള കാര്യങ്ങളും നടപ്പാക്കുന്നുണ്ട്.

Related News