എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറി വനിതയായി ശൈഖ

  • 30/05/2022



ദോഹ : എവറസ്റ്റ് കൊടുമുടി കീഴടക്കുന്ന ആദ്യ ഖത്തറി വനിതയായി പർവതാരോഹക ശൈഖ അസ്മ ബിൻത് താനി അൽതാനി ചരിത്ര നേട്ടം സ്വന്തമാക്കി. 8,849 മീറ്റർ ഉയരമുള്ള ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ പർവതശിഖരത്തിന് മുകളിൽ ശൈഖ അസ്മ ബിൻത് താനി അൽതാനി ഖത്തർ പതാക ഉയർത്തിയതായി ഖത്തർ ഒളിമ്പിക് കമ്മിറ്റി (ക്യുഒസി)യാണ് കഴിഞ്ഞ ദിവസം ട്വീറ്ററിലൂടെ അറിയിച്ചത്.

"എവറസ്റ്റ് - ഞാൻ കുറച്ച് കാലമായി ശ്രമിച്ചു കൊണ്ടിരിക്കുന്ന സ്വപ്നം.വലിയ സ്വപ്നം കാണാൻ ലജ്ജിക്കരുത്. ഒരിക്കൽ നിങ്ങൾ ചെയ്തുകഴിഞ്ഞാൽ, അത് സാധ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള പ്രതിബദ്ധത നിങ്ങൾക്കുണ്ട്." എന്നാണ് ശൈഖ അസ്മ ട്വീറ്റ് ചെയ്തത്.

കാഞ്ചൻജംഗ പർവതത്തിന്റെ നെറുകയിൽ എത്തുന്ന ആദ്യത്തെ അറബ് വനിതയെന്ന അപൂർവ നേട്ടവും ശൈഖ അസ്മ ഈയിടെ സ്വന്തമാക്കിയിരുന്നു.നേപ്പാളിനും ഇന്ത്യയ്ക്കും ഇടയിൽ 8,586 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ പർവ്വതമാണ് കാഞ്ചൻജംഗ.

2014-ൽ കിളിമഞ്ചാരോ, 2018-ൽ ഉത്തരധ്രുവം, 2019-ൽ അക്കോൺകാഗ്വ, 2021-ൽ മൗണ്ട് എൽബ്രസ്, ഈ വർഷം വിൻസൺ മാസിഫ്, ദക്ഷിണധ്രുവം, മൗണ്ട് എവറസ്റ്റ് തുടങ്ങി പർവതാരോഹണത്തിന്റെ ഒട്ടേറെ വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ ശേഷമാണ് ശൈഖ അസ്മ ബിൻത് താനി അൽതാനി എവറസ്റ്റിന്റെ നെറുകയിൽ ഖത്തർ പതാക നാട്ടിയത്.

Related News