ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി

  • 01/06/2022




ദോഹ: ഖത്തറില്‍ നിയമലംഘനം നടത്തിയ വാണിജ്യ സ്ഥാപനത്തിനെതിരെ നടപടി. റഫീഖ് മാര്‍ട്ട് ട്രേഡിങ് എന്ന സ്ഥാപനത്തിന്റെ രണ്ട് ശാഖകള്‍ ഒരു മാസത്തേക്ക് അടച്ചുപൂട്ടി. അല്‍ വക്റയിലെയും അല്‍ അസീസിയയിലെയും ബ്രാഞ്ചുകളാണ് പൂട്ടിച്ചത്. ഖത്തര്‍ വാണിജ്യ - വ്യവസമായ മന്ത്രാലയം ഉദ്യോഗസ്ഥരുടെ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി.

കമ്പനിയുടെ ഡെലിവറി ആപ്ലിക്കേഷനും ഒരു മാസത്തേക്ക് ഭാഗിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ സ്വീകരിച്ച വിവരം ഖത്തര്‍ വാണിജ്യ - വ്യവസായ മന്ത്രാലയം ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു. പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില സംബന്ധിച്ചുള്ള രാജ്യത്തെ നിയമങ്ങള്‍ പാലിക്കാത്തതിനാണ് നടപടിയെടുത്തതെന്നും ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നു. ഒപ്പം ഏതൊരു വില വര്‍ദ്ധനവിനും പാലിക്കേണ്ട ചട്ടങ്ങളും നിയമങ്ങളും പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതായും കണ്ടെത്തി. 

രാജ്യത്ത് പഴവര്‍ഗങ്ങളുടെയും പച്ചക്കറികളുടെയും വില നിയന്ത്രിക്കുന്നത് സംബന്ധിച്ച 2011ലെ നാലാം നമ്പര്‍ മന്ത്രിസഭാ തീരുമാനത്തിന്റെയും രാജ്യത്ത് പ്രാബല്യത്തിലുള്ള 2008ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിവെ 10 വകുപ്പിന്റെയും ലംഘനമാണ് സ്ഥാപനം നടത്തിയിട്ടുള്ളതെന്ന് അധികൃതര്‍ വിലയിരുത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു മാസത്തേക്ക് അടച്ചുപൂട്ടാനുള്ള ഉത്തരവിട്ടത്. 

Related News