പ്രവാചകനെതിരായ പരാമർശം: ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഉറച്ച് ഖത്തർ

  • 07/06/2022




ന്യൂഡൽഹി: പ്രവാചകനെതിരെ ബിജെപി വക്താവ് നൂപുർ ശർമയും ഡൽഹി ഘടകം മാധ്യമ വിഭാഗം ചുമതലക്കാരൻ നവീൻ കുമാർ ജിൻഡാലും നടത്തിയ പരാമർശങ്ങളിൽ ഇന്ത്യൻ സർക്കാർ ക്ഷമാപണം നടത്തണമെന്ന നിലപാടിൽ ഉറച്ച് ഖത്തർ. പരാമര്‍ശം ഇന്ത്യയുമായുള്ള സാമ്പത്തിക ബന്ധത്തെ ബാധിച്ചേക്കുമെന്നും ഖത്തര്‍ മുന്നറിയിപ്പ് നല്‍കി.

വിവാദ പരാമർശം സമൂഹമാധ്യമങ്ങളിലുടെ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ഖത്തറിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങള്‍ നീക്കിയെന്ന റിപ്പോർട്ടുകൾ പരിശോധിച്ചു വരികയാണെന്നും ഖത്തർ പ്രതികരിച്ചു. ഇന്ത്യ മാപ്പു പറയണമെന്ന് ആവശ്യത്തിൽ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറച്ചു നിൽക്കുന്നത് കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കിയെന്നാണു റിപ്പോർട്ട്.

പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ഖത്തറിനു പുറമേ ഇറാൻ, ഇറാഖ്, കുവൈത്ത്, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്‍ഗാനിസ്ഥാൻ, ബഹ്റൈൻ, ഇന്തൊനീഷ്യ, മാലദ്വീപ്, ലിബിയ തുടങ്ങിയ രാജ്യങ്ങളാണു പരാമര്‍ശത്തെ അപലപിച്ചത്.

നൂപുർ ശർമയെ ബിജെപിയുടെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്യുകയും നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്‌തിരുന്നു. നേതാക്കൾക്കെതിരെ ബിജെപി നടപടിയെടുത്തതിനെ സൗദിയും ബഹ്റൈനും സ്വാഗതം ചെയ്തു. 

പരാമർശങ്ങൾ ചില ഛിദ്രശക്തികളുടേതു മാത്രമാണെന്ന നിലപാടിലാണു വിദേശകാര്യ മന്ത്രാലയം. ഇസ്‌ലാമികരാഷ്ട്ര സംഘടനയും (ഒഐസി) പാക്കിസ്ഥാനും നടത്തിയ പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയും ചെയ്തു.

Related News