ഖത്തർ ലോകകപ്പ് : 12,000 വിദേശ ജീവനക്കാർക്ക് താൽക്കാലിക നിയമനം ലഭിക്കും

  • 30/06/2022



ദോഹ : 2022 ലെ ഫിഫാ ലോകകപ്പിന് ഖത്തർ വേദിയാകുമ്പോൾ നിരവധി മേഖലകളിലായി ആയിരക്കണക്കിന് താൽക്കാലിക തൊഴിലവസരങ്ങളാണ് ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികളെ കാത്തിരിക്കുന്നത്. നിർമാണ മേഖലയിൽ ഉൾപെടെ അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ നിർമാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായ ഘട്ടത്തിലാണ് ഹോസ്പിറ്റാലിറ്റി, ലോജിസ്റ്റിക് മേഖലകളിൽ വീണ്ടും തൊഴിലവസരങ്ങൾ പ്രവാസികളെ കാത്തിരിക്കുന്നത്.

ഖത്തർ ലോകകപ്പിനായി എത്തുന്ന ഫുട്‍ബോൾ ആരാധകർക്കായി ആവശ്യമായ താമസ സൗകര്യം ഒരുക്കുകയെന്ന വലിയ വെല്ലുവിളി മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇതിനായി യൂറോപ്പിലെ ഏറ്റവും വലിയ ഹോട്ടൽ ഓപ്പറേറ്റിങ് കമ്പനിയായ 'അക്കോറി'നെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഖത്തറിലെ അപ്പാർട്ട്മെന്റുകളിലും വീടുകളിലുമായുള്ള 65,000 മുറികൾ താമസ സജ്ജമാക്കുകയാണ് അക്കോർ ഏറ്റെടുത്തിരിക്കുന്ന ദൗത്യം. ഇതിനായി 12,000 താൽക്കാലിക ജീവനക്കാരെ നിയമിക്കുമെന്ന് അക്കോർ ചെയർമാനും സി.ഇ.ഒ യുമായ സെബാസ്റ്റ്യൻ ബാസിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ചൈനയിൽ നിന്ന് ഫർണിച്ചറുകൾ നിറച്ച 500 കണ്ടയിനറുകൾ, സോഫകൾ, വെള്ളിപ്പാത്രങ്ങൾ,  എന്നിവ ഖത്തറിൽ എത്തിക്കും. ടൂര്ണമെന്റിനിടെ പ്രതീക്ഷിക്കുന്ന  ലഭ്യതക്കുറവ് പരിഹരിക്കാൻ അയൽ രാജ്യമായ സൗദി അറേബ്യയിൽ നിന്ന് ആവശ്യമായ ട്രക്കുകളും ബസുകളും കാറുകളും എത്തിക്കാനാണ് അക്കോർ പദ്ധതിയിടുന്നത്.

നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന ലോകകപ്പിന് 1.2 ദശലക്ഷം സന്ദർശകർ ഖത്തറിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News