ഫിഫ ലോകപ്പ്: ഖത്തറിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് വൻ കുതിപ്പേകുമെന്ന് അധികൃതർ

  • 13/07/2022




ദോഹ:∙ ഫിഫ ലോകപ്പിനു ശേഷം ഖത്തറിന്റെ സമ്പദ് വ്യവസ്ഥയിൽ മാന്ദ്യമുണ്ടാകില്ലെന്നും ലോകകപ്പിന്റെ ആതിഥേയത്വം സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ആക്കം കൂട്ടുമെന്നും അധികൃതർ. ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന് ശേഷം ഖത്തറിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്ക് കടക്കുമെന്നതിനെ പൂർണമായും തള്ളിക്കളഞ്ഞു കൊണ്ടാണ് ഖത്തർ ദേശീയ ദർശന രേഖ-2030ന്റെ  ലക്ഷ്യങ്ങൾ നിറവേറ്റാനുള്ള ഉചിതമായ അവസരമാണ് ലോകകപ്പ് എന്ന് ഖത്തരി ബിസിനസ്‌മെൻ അസോസിയേഷൻ ചെയർമാൻ ഷെയ്ഖ് ഫൈസൽ ബിൻ ഖ്വാസിം അൽതാനി അഭിപ്രായപ്പെട്ടത്.

പ്രത്യേകിച്ചും ഖത്തർ ദേശീയ ദർശന രേഖ-2030 മായി ബന്ധപ്പെട്ട പദ്ധതികൾ തുടരുന്നതിന്റെ പശ്ചാത്തലത്തിൽ ലോകകപ്പ് പദ്ധതികൾക്കു വേണ്ടിയുള്ള ചെലവാക്കൽ രാജ്യത്തിന്റെ ജിഡിപി 1.5 ശതമാനം വർധിപ്പിക്കുമെന്നും ഖത്തർ ന്യൂസ് ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ഷെയ്ഖ് ഫൈസൽ വ്യക്തമാക്കി. റോഡുകൾ, തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, മെട്രോ, പാർപ്പിട യൂണിറ്റുകൾ, ഫ്രീ സോണുകൾ, ടൂറിസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കായി ഇതിനകം 20,000 കോടി ഡോളർ ചെലവിട്ടു കഴിഞ്ഞു.

ടൂർണമെന്റിന് ശേഷമാകും അടിസ്ഥാന സൗകര്യ വികസനങ്ങളിൽ നിന്നുള്ള നേട്ടമുണ്ടാകുക. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള കനത്ത ഘടകവും ലോകകപ്പ് തന്നെയാണ്. വിദേശ നിക്ഷേപം കൂട്ടാനുള്ള ശ്രമങ്ങളും പ്രമോഷനുകളും പുരോഗതിയിലാണ്. നിക്ഷേപ, ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള രാജ്യത്തിന്റെ ഭാവിയിൽ ഇവയെല്ലാം ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പിനായി നിർമിച്ച അടിസ്ഥാന സൗകര്യങ്ങൾ ലോകകപ്പിന് ശേഷവും വലിയ തോതിൽ രാജ്യത്തിന് ഗുണം ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധൻ ഡോ.അബ്ദുല്ല അൽ ഖാദറും വ്യക്തമാക്കി.

പ്രത്യേകിച്ചും ദ്രവീകൃത പ്രകൃതി വാതക ഉൽപാദന മേഖലയിൽ ഉൾപ്പെടെ വൻകിട പദ്ധതികൾ ആരംഭിക്കുന്നതിന്റെ വെളിച്ചത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ലോകകപ്പിൽ മാത്രമായി ചുരുങ്ങുന്നതല്ല. വിവിധ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങൾക്കായി കഴിഞ്ഞ നാളുകളിൽ ആഴ്ചയിൽ 50 കോടി ഡോളർ വീതമാണ് രാജ്യം ചെലവിട്ടിരുന്നത്. ഏവിയേഷൻ, ആതിഥേയ േേമഖലകൾക്കും ലോകകപ്പിന്റെ നേട്ടങ്ങളുണ്ടാകും. ടൂർണമെന്റിന്റെ നേട്ടങ്ങളിൽ ടൂറിസത്തിനും വലിയ പങ്കുണ്ടാകും.

സന്ദർശകർക്ക് നൽകുന്ന മികച്ച അനുഭവത്തിലൂടെ വീണ്ടും ഖത്തർ സന്ദർശിക്കാനുള്ള താൽപര്യം ജനിപ്പിക്കും. ഇവയെല്ലാം ലോകകപ്പ് കഴിഞ്ഞാലും ടൂറിസം മേഖലയുടെ ഉയർന്ന വരുമാനത്തിന് വഴിയൊരുക്കുമെന്നും അൽ ഖാദർ കൂട്ടിച്ചേർത്തു. ഖത്തറിന്റെ സമ്പദ് വ്യവസ്ഥ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ഗവേഷണ കേന്ദ്രങ്ങളുടെയും രാജ്യാന്തര സ്ഥാപനങ്ങളുടെയും വിലയിരുത്തലുകൾ.

Related News