ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി

  • 17/07/2022



അബുദാബി:∙ ഇത്തിഹാദ് റെയിൽ ശൃംഖലയുടെ ആദ്യ മറൈൻ പാലം പൂർത്തിയായി. ഖലീഫ തുറമുഖത്തെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിച്ചതോടെ മറ്റൊരു നാഴികകല്ലുകൂടി പൂർത്തിയാക്കിയിരിക്കുകയാണ്  ഇത്തിഹാദ്. ഒരു കിലോമീറ്റർ ദൈർഘ്യമുള്ള പാലം പ്രധാന റോഡിനു സമാന്തരമായാണു നിർമിച്ചിരിക്കുന്നത്. ഇതു ചരക്കു ഗതാഗത നീക്കം എളുപ്പമാക്കുമെന്നു മാത്രമല്ല ചെലവും കുറയ്ക്കുമെന്ന് ഇത്തിഹാദ് റെയിൽ ഡപ്യൂട്ടി പ്രോജക്ട് മാനേജർ ഖുലൂദ് അൽ മസ്റൂഇ പറഞ്ഞു.

320 തൊഴിലാളികളുടെ 10 ലക്ഷത്തിലേറെ മണിക്കൂറുകളുടെ അധ്വാനഫലമാണിത്. വേലിയേറ്റം, കാറ്റിന്റെ വേഗവും ദിശാ മാറ്റവും, കൊടും ചൂട്, ഈർപ്പത്തിന്റെ വ്യതിയാനം തുടങ്ങി കാലാവസ്ഥ, പരിസ്ഥിതി വെല്ലുവിളികൾ അതിജീവിച്ചായിരുന്നു റെക്കോർ‍ഡ് സമയത്തിനുള്ളിൽ പാലം നിർമിച്ചത്. സൗദി അറേബ്യ–യുഎഇ അതിർത്തി മുതൽ ഫുജൈറ വരെ 1,200 കിലോമീറ്റർ നീളുന്ന ഇത്തിഹാദ് റെയിൽ ശൃംഖലയിൽ വ്യാപാര, വ്യവസായ, ഉൽപാദന, ചരക്കുഗതാഗത, പാർപ്പിട മേഖലകളെ ബന്ധിപ്പിക്കും.  ഭാവിയിൽ ജിസിസി റെയിലുമായും ബന്ധിപ്പിക്കും. 2015ലാണു റെയിൽ പദ്ധതിയുടെ 265 കിലോമീറ്റർ വരുന്ന ആദ്യഘട്ടം പൂർത്തിയായത്. ഇതുവഴി  പ്രതിവർഷം 70 ലക്ഷം ടൺ ചരക്കു നീക്കം നടക്കുന്നുണ്ട്.

പദ്ധതി പൂർണമാകുന്നതോടെ ചരക്കുനീക്കം 5 കോടിയായി വർധിപ്പിക്കാനാകുമെന്നാണു പ്രതീക്ഷിക്കുന്നത്. നിലവിൽ അബുദാബി അൽ ദഫ്രയിലെ ഷാ, ഹബ്ഷൻ വാതക മേഖലയിൽനിന്നു റുവൈസ് തുറമുഖം വരെയുള്ള പാതയിലൂടെ പ്രതിദിനം 22,000 ടൺ സൾഫർ കൊണ്ടുപോകുന്നുണ്ട്. 2024 അവസാനത്തോടെ യാത്രാ ട്രെയിൻ ഓടിക്കാനുള്ള  പദ്ധതിയും അതിവേഗം പുരോഗമിക്കുകയാണ്. തുടർന്നു ജിസിസി റെയിലുമായി ബന്ധിപ്പിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിലോടുന്ന പാസഞ്ചർ ട്രെയിനിൽ 400 പേർക്കു യാത്ര ചെയ്യാം. അബുദാബിയിൽ നിന്നു ദുബായിലെത്താൻ 50 മിനിറ്റും ഫുജൈറയിലെത്താൻ 100 മിനിറ്റും മതിയാകും.  നിലവിലെ യാത്രാ സമയത്തിന്റെ 30–40% വരെ ലാഭിക്കാനാകും.

Related News