ഖത്തറിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട്‌ ചെയ്തു

  • 22/07/2022



ദോഹ: ഖത്തറിൽ ആദ്യ മങ്കിപോക്സ് കേസ് റിപ്പോർട്ട്‌ ചെയ്തു. വിദേശ യാത്ര കഴിഞ്ഞെത്തിയ വ്യക്തിയിലാണു മങ്കിപോക്സ് സ്ഥിരീകരിച്ചത്. യാത്രക്കാരനെ ആശുപത്രി ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ദേശീയ പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ആണ് നൽകുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ച യാത്രക്കാരനുമായി സമ്പർക്കം പുലർത്തിയവരെയും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസം നിരീക്ഷിക്കും. സംശയാസ്പദമായ കേസുകളിൽ മങ്കിപോക്സ് നേരത്തെ നിർണയിക്കുന്നതിനുള്ള എല്ലാ സംരക്ഷണ നടപടികളും നടപ്പാക്കി കഴിഞ്ഞതായും അധികൃതർ അറിയിച്ചു.

ദേശീയ ലബോറട്ടറികളുടെ പരിശോധന ശേഷിയും ഉറപ്പാക്കിയിട്ടുണ്ട്. രാജ്യത്തെ പൊതുജനങ്ങളും വിദേശ യാത്ര കഴിഞ്ഞെത്തുന്നവരും എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കണം. മങ്കിപോക്സ് സംബന്ധമായ അന്വേഷണങ്ങൾക്ക് 16000 എന്ന നമ്പറിൽ വിളിക്കാം.

Related News