നവംബറിൽ താമസ വിസയില്ലാത്തവർക്ക് ഖത്തർ സന്ദർശിക്കണമെങ്കിൽ ഹയ്യ കാർഡ് നിർബന്ധം

  • 14/08/2022



ദോഹ : ഫിഫ ലോകകപ്പ് നടക്കുന്ന നവംബറിൽ താമസ വിസയില്ലാത്തവർക്ക് ഖത്തർ സന്ദർശിക്കണമെങ്കിൽ ഹയ്യ കാർഡ് നിര്ബന്ധമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്നത് വരെ ഈ നിയമം ബാധകമായിരിക്കും.ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സഈദ് അൽ-കുവാരി അൽകാസ്‌ ചാനലുമായി സംസാരിക്കുന്നതിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

ഖത്തറിൽ റെസിഡൻസ് വിസയുള്ളവർക്കും ഖത്തർ പൗരൻമാർക്കും ഈ നിയമം ബാധകമായിരിക്കില്ല.നവംബർ 20 ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ടിക്കറ്റെടുത്ത എല്ലാവർക്കും ഹയ്യ കാർഡിന് അപേക്ഷിക്കാവുന്നതാണ്.മൾട്ടിപ്പിൾ എൻട്രി പെർമിറ്റായി പരിഗണിക്കപ്പെടുന്ന ഹയ്യ കാർഡിന് 2023 ജനുവരി 23 വരെ സാധുതയുണ്ടായിരിക്കും.താമസ സൗകര്യത്തിന്റെ ലഭ്യതയനുസരിച്ച് ഈ കാലാവധി അവസാനിക്കുന്നത് വരെ കാർഡ് ഉടമകൾക്ക് രാജ്യത്ത് തങ്ങാൻ അനുമതിയുണ്ടാവും.

അതേസമയം,ഖത്തറിൽ താമസ വിസയുള്ളവർക്കും പൗരൻമാർക്കും ലോകകപ്പ് നടക്കുമ്പോൾ എപ്പോൾ വേണമെങ്കിലും രാജ്യത്തേക്ക് വരാനും പുറത്തേക്ക് യാത്ര ചെയ്യാനും തടസ്സമുണ്ടാവില്ല.

Related News