കുവൈത്തിൽ പ്രവാസി തൊഴിലാളികളുടെ എണ്ണം കൂടിയതായി കണക്കുകൾ

  • 02/05/2023

കുവൈത്ത് സിറ്റി: കുവൈത്ത് ലേബർ ഫോഴ്സിലെ പൗരന്മാരുടെ അനുപാതം 2022 അവസാനത്തോടെ 15.9 ശതമാനമായി കുറഞ്ഞതായി കണക്കുകൾ. കഴിഞ്ഞ വർഷം ഇത് 17.4 ശതമാനമായിരുന്നു. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഗാർഹിക തൊഴിലാളികളുടെയും പ്രവാസി തൊഴിലാളികളുടെയും എണ്ണത്തിലുണ്ടായ വർധനവിനൊപ്പം വലിയ മാറ്റങ്ങളും വന്നിട്ടുണ്ടെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ബ്യൂറോ പുറത്ത് വിട്ട കണക്കുകൾ രാജ്യം നേരിടുന്ന വെല്ലുവിളികളിലേക്കും വെളിച്ചം വീശുന്നതാണ്.

പൊതു സേവനങ്ങളെ പ്രതിസന്ധിയിലാക്കുന്നതിന് കാരണമായി ജനസംഖ്യാ അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടുകയും അതിന് പരിഹാരം കാണാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നുണ്ട്. എന്നാൽ, പ്രവാസികളെ കുറയ്ക്കാനും കുവൈത്തി തൊഴിലാളികളുടെ റിക്രൂട്ട്മെന്റിന്റെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടയിലും കുവൈത്തികളുടെ ശതമാനം സ്വകാര്യമേഖലയിൽ മാത്രമല്ല, പൊതുമേഖലയിലും കുറഞ്ഞുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 

പൊതുമേഖലയിൽ കുവൈത്തി ജീവനക്കാരുടെ എണ്ണം 2022ൽ 79.8 ശതമാനമാണ്. 2021ലെ 80 ശതമാനത്തിൽ നിന്ന് നേരിയ കുറവാണ് വന്നത്. എന്നാൽ, സ്വകാര്യ മേഖലയിലെ ജീവനക്കാരിൽ കുവൈത്തികൾ 4.6 ശതമാനം മാത്രമാണ്. 2021ൽ അഞ്ച് ശതമാനം ആയിരുന്നതാണ് വീണ്ടും കുറഞ്ഞത്. അതേസമയം, കഴിഞ്ഞ വർഷം കുവൈത്ത്, കുവൈത്ത് ഇതര തൊഴിലാളികളുടെ എണ്ണം വർധിച്ചിട്ടുണ്ട്. കുവൈത്തി തൊഴിലാളികളുടെ എണ്ണം 3.6 ശതമാനം കൂടിയപ്പോൾ കുവൈത്ത് ഇതര തൊഴിലാളുടെ എണ്ണത്തിൽ 4.5 ശതമാനത്തിന്റെ വർധനയുണ്ടായി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News