കുവൈത്തിൽ ട്രാഫിക്ക് നിയമങ്ങളിൽ അടിമുടി മാറ്റങ്ങൾ വരുന്നു; നിയമം ലംഘിച്ചാൽ കനത്ത പിഴ

  • 07/11/2023



കുവൈത്ത് സിറ്റി: രാജ്യത്ത് ട്രാഫിക്ക് നിയമങ്ങളിൽ അടിമുടി മാറ്റങ്ങൾ ഉടൻ വന്നേക്കും. വരാനിരിക്കുന്ന ട്രാഫിക് നിയമ ഭേദഗതികളിൽ, നിയമ ലംഘനങ്ങൾക്ക് കടുത്ത പിഴകൾ ചുമത്തപ്പെട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സമിതി സുപ്രധാന നിർദേശങ്ങളാണ് മുന്നോട്ട് വച്ചിട്ടുള്ളത്. പുതിയ നിർദേശങ്ങൾ പ്രകാരം ഡ്രൈവിങ്ങിനിടെ സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് പിടിക്കപ്പെടുന്ന വ്യക്തികൾക്ക് മൂന്ന് മാസത്തെ തടവും 300 ദിനാർ പിഴയുമാണ് ചുമത്തപ്പെടുക.

നിയമപ്രകാരമുള്ള വേഗപരിധി പാലിക്കാത്തവർക്ക് മൂന്ന് മാസം തടവും പരമാവധി 500 ദിനാർ പിഴയും ചുമത്തും. ​ഗ്ലാസുകളിൽ സ്റ്റിക്കറുകൾ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് രണ്ട് മാസത്തെ തടവും 200 ദിനാർ വരെ പിഴയുമാണ് ഉള്ളത്. 10 വയസിന് താഴെയുള്ള കുട്ടികളെ മുൻ സീറ്റുകളിൽ ഇരുത്തുകയോ പിൻസീറ്റിൽ സുരക്ഷിതരല്ലാത്തെ ഇരുത്തുകയോ ചെയ്താൽ 100 ​​മുതൽ 200 ദിനാർ വരെ പിഴ ചുമത്തും.

കൂടാതെ, എമർജൻസി വാഹനങ്ങൾ, അഗ്നിശമന സേന വാഹനങ്ങൾ, ആംബുലൻസ്, സിവിൽ ഡിഫൻസ്, പൊലീസ് അല്ലെങ്കിൽ ഔദ്യോഗിക വാഹനങ്ങൾ തുടങ്ങിയവ മനഃപൂർവം തടസപ്പെടുത്തിയാൽ 250 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും. പൊതുവഴികളിൽ മൃഗങ്ങളെ ശ്രദ്ധിക്കാതെ വിടുന്നത് ശിക്ഷയ്ക്ക് കാരണമാകും. 

റെസിഡൻഷ്യൽ ഏരിയകളിലും പൊതു ഇടങ്ങളിലും ഓയിലുമായി ബന്ധപ്പെട്ട നിർണായക സ്ഥലങ്ങളിലും വാഹനങ്ങൾ നിർത്തുന്നതും സാധനങ്ങൾ, ചരക്കുകൾ, പാനീയങ്ങൾ എന്നിവ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരത്തിൽ കർശനമായ ട്രാഫിക്ക് നിയമങ്ങൾ രാജ്യത്ത് നടപ്പാക്കണമെന്നാണ് ബന്ധപ്പെട്ട സമിതി നിർദേശം മുന്നോട്ട് വച്ചിട്ടുള്ളത്.

ട്രാഫിക് നിയമലംഘനങ്ങൾ മൂലം അപകടമരണങ്ങളോ പരിക്കുകളോ ഉണ്ടാകുന്ന അപകടങ്ങളിൽ ഏർപ്പെട്ടാൽ പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്രൈവിംഗ് ലൈസൻസോ വാഹന പെർമിറ്റോ കണ്ടുകെട്ടാം. ഈ രേഖകൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും.

കുവൈറ്റ് വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കാൻ 



Related News