കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്

  • 08/11/2023



കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്. ഒക്ടോബറിൽ കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്തവരുടെ എണ്ണം 1,013,505 ആയി ഉയർന്നതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് ഒക്ടോബറിൽ യാത്രക്കാരുടെ എണ്ണത്തിൽ 11 ശതമാനം വർധനയാണ് വന്നിട്ടുള്ളത്. വിമാന സർവീസുകളുടെ എണ്ണത്തിൽ 27 ശതമാനം വർധനയും എയർ കാർഗോ ട്രാഫിക്കിൽ 10 ശതമാനം വർധനവും ഉണ്ടായി.‌

ഒക്ടോബറിൽ രാജ്യത്തേക്ക് എത്തിയ യാത്രക്കാരുടെ എണ്ണം 447,013 ആണ്. കുവൈത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണം 566,492 ആണെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ആക്ടിംഗ് ഡയറക്ടർ ജനറൽ ഇമാദ് അസ്‍ ജലാവി പറഞ്ഞു. ട്രാൻസിറ്റ് യാത്രക്കാർ മൊത്തം എണ്ണം 186,359 ആണ്. മുൻ ഒക്ടോബറിനെ അപേക്ഷിച്ച് 38 ശതമാനം വർധനവാണ് വന്നിട്ടുള്ളത്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമായി ഒക്‌ടോബറിൽ മൊത്തം 11,169 വിമാനങ്ങൾ സർവീസ് നടത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Related News