ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസക്ക് അംഗീകാരം

  • 08/11/2023

ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസാ പദ്ധതിക്ക് ഒമാനിൽ ചേർന്ന നാൽപതാമത് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ യോഗം അംഗീകാരം നൽകി. ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഗതാഗത നിയമ ലംഘനങ്ങളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിനും യോഗം തുടക്കം കുറിച്ചു. ഒമാൻ ആഭ്യന്തര മന്ത്രി ഹമൂദ് ബിൻ ഫൈസൽ അൽബൂസഈദിയുടെ അധ്യക്ഷതയിലാണ് ജി.സി.സി ആഭ്യന്തര മന്ത്രിമാരുടെ നാൽപതാമത് യോഗം ചേർന്നത്. ഗൾഫ് ഉച്ചകോടി അന്തിമാംഗീകാരം നൽകുന്നതോടെ ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽവരും. ഇതോടെ ഒറ്റ വിസയിൽ ആറു ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാൻ ടൂറിസ്റ്റുകൾക്ക് സാധിക്കും.

വിവിധ ഗള്‍ഫ് രാജ്യങ്ങളിലുള്ള ബന്ധുക്കളെയും സുഹൃത്തുക്കളെയും കുറഞ്ഞ തുകയിലുള്ള വിസയിലൂടെ ഒരൊറ്റ സന്ദര്‍ശനത്തില്‍ കണ്ട് മടങ്ങാന്‍ കഴിയുമെന്നതാണ് ഏകീകൃത വിസയിൽ ആകര്‍ഷകമായ കാര്യം. ഗൾഫ് കൂട്ടായ്മയിൽ പെട്ട സഊദി അറേബ്യ, യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്,ബഹ്റൈന്‍ എന്നിവയാണ് ഏകീകൃത വിസ പദ്ധതിയില്‍ വരുന്ന രാജ്യങ്ങള്‍. മലയാളികള്‍ ഉള്‍പ്പെടെയുള്ള സന്ദര്‍ശകര്‍ക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കുന്നതാണ് പുതിയ പദ്ധതി.

അക്രമം, ഭീകരവാദം, തീവ്രവാദം, അരക്ഷിതാവസ്ഥ, അതിർത്തി കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങൾ എന്നിവയുടെ വ്യാപനത്തിന് കാരണമായ, മേഖലയും ലോകവും കടന്നുപോകുന്ന വെല്ലുവിളികളും അപകടസാധ്യതകളും ഗൾഫ് സഹകരണ കൗൺസിലിന്റെ ഐക്യം പാലിക്കേണ്ടതും കൂട്ടായ പ്രവർത്തനം ശക്തിപ്പെടുത്തേണ്ടതും സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും നിലവാരം ഉയർത്തേണ്ടതും അനിവാര്യമാക്കുന്നതായി യോഗത്തിൽ സംസാരിച്ച സൗദി ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു. ആഭ്യന്തര മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, ജവാസാത്ത് മേധാവി ജനറൽ സുലൈമാൻ അൽയഹ്‌യ, പൊതുസുരക്ഷാ വകുപ്പ് മേധാവി ജനറൽ മുഹമ്മദ് അൽബസ്സാമി, ജനറൽ ഡയറക്‌റേറ്റ് ഓഫ് നാർകോട്ടിക്‌സ് കൺട്രോൾ മേധാവി മേജർ ജനറൽ മുഹമ്മദ് അൽഖർനി, ആഭ്യന്തര മന്ത്രിയുടെ ഓഫീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഖാലിദ് അൽഅർവാൻ, നിയമ, അന്താരാഷ്ട്ര സഹകരണകാര്യ ഡയറക്ടർ ജനറൽ അഹ്മദ് അൽഈസ, ഒമാനിലെ സൗദി എംബസി ചാർജ് ഡി അഫയേഴ്‌സ് യൂസുഫ് അൽഔദ എന്നിവർ ആഭ്യന്ത്ര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗിക സംഘത്തിൽ ഉൾപ്പെട്ടു.  

Related News