വൈദ്യുതി കുടിശിക; പ്രവാസികളിൽനിന്നും ഒക്‌ടോബർ മാസത്തിൽ മാത്രം ശേഖകരിച്ചത് 3.5 മില്യൺ ദിനാർ

  • 09/11/2023



കുവൈത്ത് സിറ്റി: ഒക്‌ടോബർ മാസത്തിൽ വിവിധ ഔട്ട്‌ലെറ്റുകൾ വഴി ഏകദേശം 3.5 മില്യൺ ദിനാർ പ്രവാസികളിൽ നിന്ന് ശേഖരിച്ചതായി വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ ആദ്യം ആഭ്യന്തര മന്ത്രാലയവുമായുള്ള ഇലക്ട്രോണിക് ഇന്റർഫേസ് കൊണ്ട് വന്നത് മുതൽ ഇത്തരത്തിൽ ആകെ ശേഖരിച്ച തുക  8.4 മില്യൺ കുവൈത്തി ദിനാർ ആയി. കുടിശികകൾ അടച്ച് തീർക്കുന്നതിനായി വൈദ്യുതി, ജല മന്ത്രാലയം എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

വിവിധ സൈറ്റുകളിലൂടെയോ സഹൽ ആപ്ലിക്കേഷൻ വഴിയോ അല്ലെങ്കിൽ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന കസ്റ്റമർ സർവീസ് ഓഫീസുകൾ വഴിയോ കുടിശിക അടയ്ക്കാവുന്നതാണ്. അതേസമയം, വെള്ളത്തിന്റെ കുടിശിക പിരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രാലയവുമായി ചേർന്ന് ഇലക്ട്രോണിക് ഇന്റർഫേസ് ആരംഭിക്കാനുള്ള മന്ത്രാലയത്തിന് പദ്ധതിയുണ്ട്. മറ്റ് വിവിധ സേവനങ്ങൾക്കുള്ള കുടിശികയും ശേഖരിക്കുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനവും ആരംഭിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളും മന്ത്രാലയ വൃതതങ്ങൾ വെളിപ്പെടുത്തി.

Related News