ഡിസംബറിൽ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 3,375 പ്രവാസികളെ

  • 23/12/2023



കുവൈത്ത് സിറ്റി: റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനത്തെത്തുടർന്ന് ഈ മാസം ഇതുവരെ 3,375 പ്രവാസികളെ ആഭ്യന്തര മന്ത്രാലയം നാടുകടത്തിയതായി കണക്കുകൾ. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ മേഖലകളിൽ നിന്ന് 1,991 പുരുഷന്മാരെയും 1,384 സ്ത്രീകളെയും നാടുകടത്തൽ വകുപ്പിലേക്ക് റഫർ ചെയ്തു. അവരിൽ ഭൂരിഭാഗവും താമസ നിയമങ്ങളും തൊഴിൽ നിയമങ്ങളും ലംഘിച്ചതിനാണ് പിടിയിലായിട്ടുള്ളത്. രാജ്യത്തെ  പൊതു ധാർമ്മികത നിയമങ്ങൾ ലംഘിച്ചതിനും അറസ്റ്റ് ചെയ്യപ്പെട്ടവരുണ്ട്. 

എല്ലാ ഗവർണറേറ്റുകളിലും രാവിലെയും വൈകുന്നേരവും വിവിധ സമയങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 309 പ്രവാസികളെ അടുത്തിടെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് നടത്തിയ പരിശോധനകളിലാണ് ഇവർ പിടിയിലായത്.

Related News