വാണിജ്യ, ടൂറിസ്റ്റ്, ഫാമിലി വിസകള്‍ അനുവദിക്കാൻ കുവൈത്ത്

  • 03/02/2024



കുവൈത്ത് സിറ്റി: വാണിജ്യ, ടൂറിസ്റ്റ്, ഫാമിലി എന്നിങ്ങനെ എല്ലാ തരത്തിലുള്ള സന്ദർശന വിസകളും വീണ്ടും അനുവദിച്ച് തുടങ്ങാൻ കുവൈത്ത്. ആഭ്യന്തര മന്ത്രാലയം ഈ വിഷയം പഠിച്ച് കൊണ്ടിരിക്കുകയാണ്. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അൽ യൂസഫ് അടുത്തിടെ പുറപ്പെടുവിച്ച പുതിയ വ്യവസ്ഥകൾക്കും നിയന്ത്രണങ്ങൾക്കും അനുസൃതമായി ഫാമിലി വിസകള്‍ അനുവദിക്കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയിരുന്നു. വിനോദ സഞ്ചാര മേഖലയിൽ രാജ്യത്തിന്‍റെ വലിയ കുതിപ്പാണ് ഷെയ്ഖ് മുഹമ്മദ് അൽ സബാഹിന്‍റെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

സാമ്പത്തിക കാഴ്ചപ്പാടിന് അനുസൃതമായി, രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങൾ ഉത്തേജിപ്പിക്കുന്നതിന് മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ ലോകമെമ്പാടുമുള്ള സന്ദർശകരെ ആകർഷിക്കാനാണ് കുവൈത്തും പരിശ്രമിക്കുന്നത്. വിസിറ്റ് വിസകൾക്കുള്ള വാതിൽ വീണ്ടും തുറക്കുന്നത് വിവിധ സാമൂഹിക, സുരക്ഷ, മറ്റ് മാനങ്ങൾ എന്നിവ കണക്കിലെടുത്ത് നിർദ്ദിഷ്ട നിയന്ത്രണങ്ങളും വ്യവസ്ഥകളും പാലിച്ച് കൊണ്ടായിരിക്കും. കൂടാതെ ഈ വിസകൾ നിയമലംഘകരുടെ എണ്ണം വർധിക്കുന്നതിന് കാരണമാകില്ലെന്ന് ഉറപ്പാക്കുകയും ചെയ്യും. ഇലക്ട്രോണിക് കണക്റ്റിവിറ്റി മേഖലയിൽ ആഭ്യന്തര മന്ത്രാലയം കൈവരിച്ച വലിയ പുരോഗതിയും ഡിജിറ്റൽ പ്രവർത്തനങ്ങളിലേക്കുള്ള മാറ്റവും ഇതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News