കോടികൾ വായ്‍പയെടുത്ത് കുവൈത്തിൽനിന്ന് മുങ്ങിയ മലയാളികളെത്തേടി ബാങ്ക്

  • 05/02/2024



കുവൈറ്റ് സിറ്റി: കുവൈറ്റിലെ ബാങ്കില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് മുങ്ങിയ ആളുകൾക്കെത്തിരെ നിയമ നടപടി ആരംഭിച്ചു. വായ്പയെടുത്തു മുങ്ങിയവരെ തേടി മാഞ്ചസ്റ്ററിലുള്ള സോളിസിറ്റര്‍ സ്ഥാപനം വക്കീല്‍ നോട്ടീസ് അയച്ചുതുടങ്ങി. കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് ആണ് മലയാളികള്‍ക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്.

തുക തിരിച്ചുപിടിക്കാന്‍ റിക്കവറി നടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം നിയമനടപടികളും ആരംഭിക്കണമെന്ന് ബാങ്ക് നിയമസ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍തുക ലോണെടുത്ത് പിന്നീട് യുകെയിലേക്ക് കുടിയേറുന്ന മലയാളികളെ തേടിയാണ് ബാങ്ക് രംഗത്തെത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

കഴിഞ്ഞ മൂന്ന്, നാല് വര്‍ഷമായി യുകെയിലേക്ക് കുടിയേറിയ മലയാളികള്‍ക്കെതിരെയാണ് പരാതി. വന്‍തുക ലോണെടുക്കുന്നവരെ കൂടാതെ ഓണ്‍ലൈനായി തവണ വ്യവസ്ഥയില്‍ വിലകൂടിയ ഫോണുകള്‍ എടുക്കുന്നവരും തിരിച്ചടവ് നല്‍കാത്ത അവസ്ഥയുണ്ട്. നൂറിലേറെ മലയാളികള്‍ ദശലക്ഷങ്ങളും ചിലര്‍ കോടികളും കൈപ്പറ്റിയാണ് യുകെയിലേക്ക് കുടിയേറിയിരിക്കുന്നത്.

യുകെയില്‍ ആയതിനാല്‍ പിടിക്കപ്പെടില്ലെന്നുള്ള ധാരണയില്‍ ഭാര്യയും ഭര്‍ത്താവും മത്സരിച്ചു വായ്പയെടുത്തവരുമുണ്ട്. ഇത്തരത്തില്‍ വായ്പയെടുത്തു മുങ്ങിയവരെ തേടിയാണ് വക്കീല്‍ നോട്ടീസ് അയച്ചുതുടങ്ങിയത്. തുക തിരിച്ചുപിടിക്കാനുള്ള നടപടികള്‍ക്ക് പുറമേ നിയമനടപടികള്‍ കൂടി സ്വീകരിക്കുന്നതോടെ യുകെയില്‍ തുടരുക ഇവര്‍ക്ക് പ്രയാസകരമാവും.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ വാട്സാപ്പ് ഗ്രൂപ്പ് / ചാനലിൽ ജോയിൻ ചെയ്യാം 


Related News