കോവിഡ് കാലത്തും സുകൃതങ്ങള്‍ ചെയ്യുകഃ റാശിദ് ഗസ്സാലി

  • 01/05/2020

കുവൈത്ത് സിറ്റി : കോവിഡ് 19 എന്ന മഹാമാരി ലോകമാകെ പടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍,സാഹചര്യങ്ങളുടെ സമ്മര്‍ദ്ദങ്ങളില്‍ മനസ്സിനെ തളച്ചിടാതെ യാഥാര്‍ത്ഥ്യബോധ്യം ഉള്‍ക്കൊണ്ടുക്കൊണ്ട് ജീവിതത്തെ ആത്മധൈര്യത്തോടെ മുന്നോട്ട് നയിക്കണമെന്ന് പ്രമുഖ മോട്ടിവേഷനല്‍ ട്രെയിനറും,വാഗ്മിയുമായ റാശിദ് ഗസ്സാലി ഉണര്‍ത്തി.

കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ സഹനം സംയമനം സംസ്കരണം എന്ന പ്രമേയത്തില്‍ നടത്തുന്ന റമദാന്‍ ക്യാമ്പയിനോട് അനുബന്ധിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ ലോക്ഡൗണ്‍ കാലത്തെ മാനസിക സംഘര്‍ഷങ്ങളെ അതിജീവിക്കാന്‍ ശുഭാപ്തി വിശ്വാസവും,പ്രായോഗിക സമീപനങ്ങളും അനിവാര്യമാണ്.നാമിന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് സാധിക്കുകയില്ല.ഈ പ്രശ്നങ്ങള്‍ ഏറെ സങ്കീര്‍ണ്ണവും താത്കാലികവുമാണ്.

നമ്മുടെ നിസ്സഹായതയെ തിരിച്ചറിഞ്ഞ് ദൈവികമായ സമര്‍പ്പണ ബോധത്തോടെ, മത ജാതി ഭേദമന്യേ എല്ലാവിഭാഗം ജനങ്ങള്‍ക്കും സുകൃതം ചെയ്യാന്‍ ഈ പുണ്യ റമദാന്‍ മാസത്തില്‍ നമുക്കാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News