പ്രവാസികളെ തിരിച്ചെത്തിക്കൽ പ്രഖ്യാപനം പ്രഹസനം; കേന്ദ്രം ചിറ്റമ്മ നയം അവസാനിപ്പിക്കണം - കുവൈത്ത് കെ.എം.സി.സി.

  • 04/05/2020

കുവൈത്ത് സിറ്റി: നിരവധി പ്രതിഷേധങ്ങൾക്കു ശേഷം പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം വന്നിരിക്കുന്നെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ മൂലം ഗൾഫിൽ ജോലിയില്ലാതെ, താമസ വാടക പോലും നൽകാനില്ലാതെ കഴിയുന്നവർ സ്വന്തം ചിലവിൽ യാത്ര ചെയ്യണമെന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ല. അതു കൊണ്ടു തന്നെ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് വെറും പ്രഹസനമാണെന്നും കേന്ദ്ര സർക്കാർ പുലർത്തുന്ന ഈ ചിറ്റമ്മ നയം അവസാനിപ്പിക്കണമെന്നും കുവൈത്ത് കെ.എം.സി.സി.പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.അല്ലാത്ത പക്ഷം ഭക്ഷണത്തിനു പോലും സന്നദ്ധ സംഘടനകളുടെ കിറ്റിനു വേണ്ടി കാത്തിരിക്കുന്ന ഭൂരിപക്ഷം പേർക്കും നാട്ടിലേക്ക് മടങ്ങാനാവില്ലെന്നും അതു കൊണ്ടു തന്നെ ഈ പ്രഖ്യാപനം വെറും പ്രഹസനമാകുമെന്നും കണ്ണേത്ത് പറഞ്ഞു. മുൻ കാലങ്ങളിൽ ഇത്തരം സാഹചര്യങ്ങളിൽ ഇ.അഹമ്മദ് വിദേശകാര്യ മന്ത്രിയായിരുന്ന കാലഘട്ടങ്ങളിൽ ലിബിയയിൽ നിന്നും ഇറാഖിൽ നിന്നും ഒക്കെ ഇന്ത്യക്കാരെ സർക്കാർ ചിലവിലാണ് നാട്ടിലെത്തിച്ചിരുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതെ സമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തുവർക്കും തൊഴിൽ രഹിതർക്കും കുവൈത്ത് സർക്കാർ സൗജന്യ ടിക്കറ്റ് നൽകാമെന്ന് ഇതിനോടകം തന്നെ കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ബാക്കി വരുന്നവരുടെ ചിലവ് സർക്കാർ വഹിക്കണമെന്നും കുവൈത്ത് കെ.എം.സി.സി. പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അതോടൊപ്പം നാട്ടിലെത്തിയാൽ സർക്കാർ ചിലവിൽക്വോരന്റൈന് സൗകര്യമൊരുക്കണമെന്നും കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖും വാർത്താക്കുറിപ്പിൽ പറഞ്ഞു.

Related News