കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് സഹായ ധനം നൽകണം: ഷറഫുദ്ദീൻ കണ്ണേത്ത്

  • 26/05/2020

കുവൈത്ത് സിറ്റി: കൊവിഡ് ബാധിച്ച് മരിച്ച പ്രവാസി ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ടിൽ നിന്നും സഹായ ധനം നൽകണമെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ആവശ്യപ്പെട്ടു. ഇന്ത്യൻ കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പിന്റെ ഭക്ഷ്യ വിതരണ പദ്ധതിയുടെ ജലീബ് മേഖലാ കൂടിയാലോചനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് ചിലവാക്കുന്നതുമായി ബന്ധപ്പെട്ട് പാവപ്പെട്ട പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് നൽകുന്നതിനു തടസ്സമില്ലെന്ന കേരള ഹൈക്കോടതി വിധി വന്ന ദിവസം ഇന്ത്യൻ അംബാസ്സഡർ ശ്രീ.ജീവ സാഗർ വേദിയിലിരിക്കെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. വിവിധ പ്രവാസി സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്ന കമ്മ്യുണിറ്റി വെല്‍ഫെയര്‍ ഫണ്ട് കാര്യത്തിൽ കോടതിയുടെ ഇടപെടല്‍ സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് കെ.എം.സി.സി. നാട്ടിൽ നിന്നും മരുന്നെത്തിച്ചു നൽകുന്ന പദ്ധതിയിൽ എംബസ്സി നൽകുന്ന സഹായത്തിനു പ്രത്യേകം നന്ദി അറിയിക്കുന്നതായും കണ്ണേത്ത് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര, സെക്രട്ടറി എഞ്ചി.മുഷ്താഖ്, എന്നിവരും സന്നിഹിതരായിരുന്നു.

Related News