മഹാമാരിയിൽ പാരസ്പര്യത്തിന്റെ മതിലുയർത്തി AIIMS

  • 28/05/2020

പ്രതിസന്ധി ഘട്ടങ്ങൾ എത്തുമ്പോൾ പരസ്പര സഹകരണത്തിലൂടെ അവയെ മറികടക്കുവാൻ മലയാളികൾക്കുള്ള വൈഭവം പ്രളയ കാലങ്ങളിൽ നമ്മൾ കണ്ടതാണ്. കോവിഡ് - പത്തൊമ്പത് എന്ന മഹാമാരി ലോകമെങ്ങും ആഞ്ഞടിച്ചപ്പോൾ മുമ്പെങ്ങും ഇല്ലാത്ത വിധം പ്രവാസി ഇന്ത്യൻ സമൂഹവും നിലനിൽപിനായി വഴികൾ തേടി തുടങ്ങി.

            കുവൈറ്റിലെ ജലീബ് അൽ ഷുവൈക് എന്ന പ്രദേശം ലോകത്ത് തന്നെ ഏറ്റവുമധികം മലയാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ ഒന്നാണ്. ഇവിടെയാണ് മലയാളികളുടെ നേതൃത്വത്തിൽ പ്രവാസി ഇന്ത്യൻ സമൂഹങ്ങൾക്ക് തന്നെ മാതൃകയാവുന്ന ഒരു കൂട്ടായ്മ രൂപപ്പെട്ടു വന്നത്.

              ഏപ്രിൽ ഏഴ് മുതൽ കുവൈറ്റ് ഗവൺമെന്റ് ഏർപ്പെടുത്തിയ ലോക്ഡൗൺ ഈ പ്രദേശത്തെ ഇന്ത്യൻ സമൂഹത്തിന്റെ ജീവിത ശൈലി തന്നെ മാറ്റിമറിച്ചു. വരാൻ പോകുന്ന പ്രശ്നങ്ങളുടെ രൂക്ഷത മുൻകൂട്ടി കണ്ട കുറച്ചു മലയാളികൾ  ബാബുജി ബത്തേരി, ഹബീബുള്ള മുറ്റിച്ചൂർ എന്നിവരുടെ  നേതൃത്വത്തിൽ ഒരുമിച്ചു ചേർന്നു .ഭക്ഷണ സാധനങ്ങൾക്ക് ക്ഷാമം ഉണ്ടായിരുന്നില്ല എങ്കിലും വരുമാനം പൂർണ്ണമായോ, ഭാഗികമായോ നഷ്ടപ്പെട്ട ഒരു സമൂഹം ക്രമേണ പ്രയാസങ്ങളിലേയ്ക്ക് നീങ്ങുമെന്ന് അവർ മനസ്സിലാക്കി. കേരളത്തിൽ നിന്നും വ്യത്യസ്തമായ ഗൾഫ് രാജ്യങ്ങളിലെ ശക്തമായ നിയമ വ്യവസ്ഥയുടെ പരിമിതികൾക്കുള്ളിലും  പരസ്പര സഹകരണത്തിന്റെ ഒരു പ്ലാറ്റ്ഫോമിന് അനവധി കാര്യങ്ങൾ ചെയ്യുവാൻ സാധിക്കും എന്ന ചിന്തയാണ് ഏതാനും ദിവസങ്ങൾക്കൊണ്ട് വളർന്നു പന്തലിച്ച് ലക്ഷക്കണക്കിനായ ഇന്ത്യൻ സമൂഹത്തിന് ആശ്വാസമായി മാറിക്കൊണ്ടിരിക്കുന്ന എയിംസ് എന്ന പ്രസ്ഥാനത്തിന്റെ തുടക്കം.ആൾട്ടർനേറ്റീവ് ഇന്റഗ്രൽ ഇനിഷ്യേറ്റീവ് ഫോർ മ്യൂച്ചൽ സപ്പോർട്ട് (Alternative Integral Initiative for Mutual Support- AIIMS) എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഇന്ത്യൻ സമൂഹം നേരിടുന്ന വ്യത്യസ്ത പ്രശ്നങ്ങളിൽ വലിയൊരു സമൂഹത്തെ പരസ്പരം സഹകരിപ്പിച്ച് തങ്ങളുടെ പ്രശ്നങ്ങൾ ലഘൂകരിപ്പിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയാണ് എയിംസ്  ഭാരവാഹികൾ.

            മലയാളികൾ താമസിക്കുന്ന ബിൽഡിംഗുകളിലെ വാട്സ് ആപ് ഗ്രൂപ്പുകൾ പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു ആദ്യപടി.ആറു മേഘലകളിലായി അഞ്ഞൂറ്റി അമ്പത് ബിൽഡിംഗുകൾ ഈ ശൃഖലയുടെ ഭാഗമായി.അന്യസംസ്ഥാനക്കാർക്കായി പ്രത്യേക  ഗ്രൂപ്പുകൾ ഉണ്ടാക്കി. ബിൽഡിംഗ് കോർഡിനേറ്റർ മാർ ഉൾപ്പെട്ട ആറ് ഏരിയ ഗ്രൂപ്പുകളും അവരിൽ നിന്ന് ഏരിയ കോർഡിനേറ്റർമാരും അവർ ഉൾപ്പെട്ട സ്റ്റിയറിംഗ് കമ്മറ്റിയും നിലവിൽ വന്നു.അങ്ങനെ അബാസിയ എന്ന പ്രദേശത്തെ ഒരു ലക്ഷത്തിന് മുകളിലുള്ള ഇന്ത്യൻ സമൂഹം ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്നു.

                   യാത്രാ നിരോധനം ഏർപ്പെടുത്തപ്പെട്ടതോടെ നിത്യേന ഉപയോഗിക്കേണ്ട അവശ്യമരുന്നുകൾ കണ്ടെത്തുക ആയിരുന്നു ആദ്യ ദിനങ്ങളിലെ പ്രതിസന്ധി.വിസിറ്റിംഗ് വിസയിൽ കുവൈറ്റിൽ എത്തിച്ചേർന്ന പ്രായമാർന്ന മാതാപിതാക്കൾ മുതൽ നാട്ടിൽ എത്തിച്ച് അടിയന്തിര വൈദ്യസഹായം ആവശ്യമുള്ളവർ വരെ ഉണ്ടായിരുന്നു അക്കൂട്ടത്തിൽ. ബിൽഡിംഗുകളിലെ വാട്സ് അപ്പ് കൂട്ടായ്മ വഴി പലരുടേയും കൈവശമിരുന്ന മരുന്നുകൾ സംഘടിപ്പിച്ചു.വില കൂടിയ മരുന്നുകൾ പോലും പലരും അത്യാവശ്യ ഉപയോഗത്തിനു വേണ്ട തൊഴിച്ച് മറ്റുള്ളവർക്കായി നൽകി. ദീപക്, ഹരീഷ് കുമാർ എന്നിവർ ചേർന്ന് ഫ്രഫഷണലുകളുടെ സഹായത്തോടെ അവയെല്ലാം ക്രോഡീകരിച്ച് തിട്ടപ്പെടുത്തി. പ്രദേശത്തെ മരുന്നു ക്ഷാമത്തിന്റെ ഗൗരവം മനസ്സിലാക്കിയ ഹംസ പയ്യന്നൂരിനെപ്പോലുള്ള സാമൂഹ്യ പ്രവർത്തകർ തങ്ങളുടെ സ്ഥാപനമായ മെട്രോ മെഡിക്കൽ കെയറിൽ നിന്നും സൗജന്യമായും മരുന്നുകൾ എത്തിച്ചു നൽകി. ഇതു വരെ ആയിരത്തി അഞ്ഞൂറിൽ ൽ അധികം പേരിലേയ്ക്ക് സഹായമെത്തിക്കാൻ എയിംസ് മെഡിസിൻ വിഭാഗത്തിനു സാധിച്ചു. ദിനവും അൻപതോളം ആളുകൾ ഈ വിഭാഗത്തിന്റെ സേവനം തേടുന്നു.

       വരുമാനം നഷ്ടപ്പെട്ട് ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന വലിയൊരു ജനവിഭാഗം രൂപപ്പെട്ടുവരുവാൻ അധികം സമയം വേണ്ടി വന്നില്ല. ഓരോ ചെറിയ കുടുബത്തിനും ആഴ്ചകളോളം കഴിയുവാൻ സാധിക്കുന്ന രീതിയിൽ തയ്യാറാക്കിയ രണ്ടായിരത്തോളം ഫുഡ് കിറ്റുകളാണ് എയിംസ് ഫുഡ് കൺവീനർമാരായ  സാം നന്ത്യാട്ട്, സോണി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആദ്യ ഘട്ടത്തിൽ വിതരണം നടത്തിയത്.  ആദ്യ ഘട്ടത്തിനു ശേഷം വർദ്ധിച്ച ആവശ്യങ്ങൾ പരിഗണിച്ച് അടിയന്തിരമായി വീണ്ടും രണ്ടായിരം ഭക്ഷണ കിറ്റുകളുടെ സമാഹരണത്തിനുള്ള പുതിയ ചലഞ്ചുമായി എയിംസ് ഫുഡ് കൺവീനർമാർ പ്രവർത്തനങ്ങൾ നടത്തുന്നു. പാചക സൗകര്യമില്ലാത്ത സഹോദരങ്ങൾക്ക് എയിംസ് ഫുഡ് ബാങ്ക് വഴി പാചകം ചെയ്ത ഭക്ഷണവും അത്യാവശ്യ ഘട്ടങ്ങളിൽ നൽകി വരുന്നു. ഷാജി നാഗരൂർ, ദിലീപ് നായർ ,സിബി സ്കറിയാ, ഷൈജു വർഗ്ഗീസ്,ഷാജി കുഴിമറ്റം, ഫ്രഡി പാറോക്കാരൻ, അയ്ജു ജോസഫ്, പ്രതാപൻ മാന്നാർ, അനൂപ് ആൻഡ്രൂസ്, അലക്സ് തൈക്കടവിൽ, റെജു വർഗ്ഗീസ്, മുരളി പണിക്കർ തുടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയംഗങ്ങളോടൊപ്പം വിവിധ ഏരിയകളിലെ ബിൽഡിംഗ് കോർഡിനേറ്റർമാരും  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.വിലമതിക്കാനാവാത്ത പ്രവർത്തനങ്ങളുമായി എൻ.എസ് ജയൻ നൽകിക്കൊണ്ടിരിക്കുന്ന സേവനങ്ങൾ എയിംസിന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്നു.

      ഇന്ത്യൻ എമ്പസി നിശ്ചയിക്കുന്ന മുൻഗണനാ ലിസ്റ്റിൽ പെട്ടവരുടെ യാത്രാ രേഖകൾ ഡോ.അമീറിന്റെ സഹായത്തോടെ തയ്യാറാക്കി നൽകുകയും, യാത്രാ ചിലവിനുള്ള പണം കണ്ടെത്താൻ സാധിക്കാത്ത ഒൻപതോളം പേർക്ക് സൗജന്യ വിമാന ടിക്കറ്റ് ഉൾപ്പടെ എല്ലാ വിധ സൗകര്യവും ചെയ്തു കൊടുക്കുവാനും ഈ പ്രസ്ഥാനത്തിന് സാധിച്ചു.

    ഓരോ ബിൽഡിംഗുകളിൽ നിന്നും വരുമാനമുള്ള വ്യക്തികളും, സുമനസുകളായ വ്യവസായ പ്രമുഖരും, ഇന്ത്യൻ എബസിക്കു കീഴിലുള്ള കമ്മ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പും, മലബാർ ഗോൾഡ്, അൽ റഷീദ് ഇന്റർനാഷണൽ ഷിപ്പിംഗ് ,ഗൾഫ് അഡ്വാൻസ്ഡ് ട്രേഡിംഗ്, ഗ്ലോബൽ ഇന്റർനാഷണൽ, തുടങ്ങിയ സ്ഥാപനങ്ങളും, കേരള ഹോട്ടൽസ് ഓണേഴ്സ് അസോസിയേഷൻ കുവൈറ്റ് തുടങ്ങിയ നിരവധി സംഘടനകളും വിവിധ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി എയിംസിനൊപ്പം  നിൽക്കുന്നു.

         ഫ്ലാറ്റുകളുടെ വാടകയിനത്തിൽ ഇളവ് ലഭിക്കുന്നതിനുള്ള എയിംസ് സമിതി ആസിഫ് മുഹമ്മദിന്റെ ന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഇതു വഴി കുവൈറ്റിലെ സാധാരണക്കാരായ ഇന്ത്യൻ സമൂഹത്തിന് ദശലക്ഷക്കണക്കിന് ദിനാറിന്റെ നേട്ടമാണ് ഉണ്ടാക്കുവാൻ സാധിച്ചത്.താമസക്കാർക്ക് വാടക ഇളവ് നൽകേണ്ടതിന് ബിൽഡിംഗ് ഉടമകളിലേയ്ക്ക് നേരിട്ട്‌  ഗവൺമെന്റ്   നിർദേശം ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു.

            മാനസിക സംഘർഷം ലഘൂകരിക്കുന്നതിനുള്ള എയിംസ് കൗൺസലിംഗ് ടീം വഴി നാൽപതിലേറെ മലയാളികളാണ് ആത്മവിശ്വാസത്തോടെ ജീവിതത്തിൽ മുന്നോട്ട് പോവുന്നത്.ശ്രീ വിബീഷ് തിക്കൊടിയുടെ നേതൃത്വത്തിൽ കുവൈറ്റിലേയും ,കേരളത്തിലേയും പ്രമുഖ കൗൺസിലർമാരെ ഉൾപ്പെടുത്തി രൂപീകരിക്കപ്പെട്ട എയിംസ് കൗൺസലിംഗ് ഗ്രൂപ്പിൽ  ജോബി കലീക്കൽ, സുമേഷ് സുധാകരൻ എന്നിവരും പ്രവർത്തിക്കുന്നു.

     ആവശ്യക്കാരെ ഹോസ്പിറ്റലുകളിൽ എത്തിക്കുന്നതിനുള്ള എയിംസ് മെഡിക്കൽ വിങ്ങ് സുത്യർഹ സേവനമാണ് കാഴ്ചവയ്ക്കുന്നത്.മെജിത്തിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇന്ത്യക്കാർ എയിംസിന്റെ  സേവനങ്ങൾ ഇതിനകം സ്വീകരിച്ചു കഴിഞ്ഞു.ശ്രീമതി ഷൈനി ഫ്രാങ്ക് എയിംസിന്റെ വിവിധ കമ്മിറ്റികളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ഇന്ത്യൻ സമൂഹത്തിൽ പ്രത്യേകിച്ച് സ്ത്രീകൾക്കിടയിൽ വലിയ ആശ്വാസമായി മാറിക്കൊണ്ടിരിക്കുന്നു.ഇന്ത്യക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശങ്ങളിൽ ആംബുലൻസ് സൗകര്യം ഏർപ്പെടുത്തുന്നതിനായി സ്റ്റിയറിംഗ് കമ്മിറ്റയംഗം ജോജിമോൻ ജോയിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നുവരുന്നു. ഇന്ത്യൻ സ്കൂളുകൾ കേന്ദ്രീകരിച്ച് ക്വാററ്റൈൻ സൗകര്യം ഏർപ്പെടുത്തുന്നതിനേ  സംബന്ധിച്ചും എയിംസിന്റെ നേതൃത്വത്തിൽ കുവൈറ്റ് ഗവൺമെൻറിലെ ഉത്തരവാദിത്വപ്പെട്ടവരുമായി ചർച്ചകൾ തുടരുകയാണ്. 

      ബിൽഡിംഗ് കോർഡിനേറ്റേഴ്സ് വഴി ലഭിക്കുന്ന  നിരവധി വിഷയങ്ങളിൽ വളരെ പെട്ടെന്ന് തന്നെ കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളുമായി ഏരിയാ കോർഡിനേറ്റേഴ്സിന്റെ നേതൃത്വത്തിലുള്ള എയിംസ് അവയർനെസ് ക്രിയേഷൻ ടീം ആയിരങ്ങൾക്കാണ് ആശ്വാസമാവുന്നത്. 

        വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്, പ്രധാനമന്ത്രി, കേന്ദ്ര കോവിഡ് പ്രതിരോധ സമ്മിതിഅംഗം ആനന്ദബോസ് ഐ. എ.എസ്, കേരള മുഖ്യമന്ത്രി, കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ, തുടങ്ങിയ ഔദ്യോഗിക കേന്ദ്രങ്ങളിലേയ്ക്ക് നിരന്തരം വിവരങ്ങൾ കൈമാറിക്കൊണ്ട് ശ്രീ ജോമോൻ മങ്കുഴിക്കരയുടെ നേതൃത്വത്തിൽ എയിംസ്  ഡോക്യുമെന്റേഷൻ വിഭാഗം  പ്രവർത്തിക്കുന്നു. കുവൈറ്റ് പൊതുമാപ്പ് കേന്ദ്രത്തിലേയും, ഡീപോർട്ടേഷൻ കേന്ദ്രത്തിലേയും ഇന്ത്യൻ സഹോദരങ്ങളെ എത്രയും പെട്ടെന്ന് അവരുടെ ജൻമനാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്കായി നിരന്തര ശ്രമങ്ങളാണ് എയിംസ് നടത്തിക്കൊണ്ടിരിക്കുന്നത്.  

         കോവിഡിനെ ഭയന്ന് മാറി നിൽക്കുവാനല്ല, മറിച്ച് പ്രതിരോധത്തിന്റെ വൻമതിൽ തീർത്ത് ഏത് മഹാമാരിക്കൊപ്പവും യാത്ര ചെയ്യുവാനുള്ള കരുത്തും ഊർജവും തങ്ങൾക്കുണ്ടെന്ന് തെളിയിക്കുന്ന ആവേശകരമായ പ്രവർത്തനങ്ങളാണ് എയിംസിന്റെ  പ്രവർത്തകർ  ആസൂത്രണം ചെയ്യുന്നത്.പ്രതിസന്ധിക്കൊപ്പം ജീവിത ശൈലിയിലും മാറ്റങ്ങൾ അനിവാര്യമായ കാലഘട്ടത്തിനൊപ്പം നിന്ന് കൊണ്ട് കലാ പ്രവർത്തനങ്ങളിലേയ്ക്കും എയിംസ് കടക്കുകയാണ്. മണിക്കുട്ടന്റെ നേതൃത്വത്തിൽ കുവൈറ്റിലെ ആറു ഗവർണറേറ്റുകളേയും ഉൾപ്പെടുത്തി അണിയറയിൽ ഒരുങ്ങുന്ന എയിംസ് ഓൺലൈൻ കലോത്സവം വരും ദിനങ്ങളിൽ കുവൈറ്റിൽ പുതിയൊരു ചരിത്ര സൃഷ്ടിക്കുകൂടി വഴി വയ്ക്കുകയാണ്.

          ജോൺ തോമസ്, ചെസിൽ ചെറിയാൻ, സത്താർ കുന്നിൽ,  എന്നിവർ ഉപദേശക സമിതിയിലും  ഐവി അലക്സ്, മനോജ് പിലിപ്പ് എന്നിവർ മീഡിയാ വിങ്ങിലും പ്രവർത്തിക്കുന്നു. 

        നിമിഷ നേരം കൊണ്ട് വിവിധങ്ങളായ സഹായങ്ങളും വിവരങ്ങളും, കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിന് ഉതകുന്ന രീതിയിൽ ക്രമീകരിക്കപ്പെട്ടിരിക്കുന്ന ആയിരത്തി അഞ്ഞൂറോളം വരുന്ന ബിൽഡിംഗ് കോർഡിനേറ്റർമാരും മുപ്പത്തിയാറ് അംഗ സ്റ്റിയറിംഗ് കമ്മറ്റിയും, ഉപദേശക സമിതിയും അടങ്ങിയ സംഘടനയുടെ പ്രവർത്തനങ്ങൾ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് പ്രവാസ ലോകത്ത് ശ്രദ്ധ നേടുകയാണ്.

Related News