ഒരു ദിവസം രണ്ട് ചാർട്ടർ വിമാനങ്ങളയച്ച് കുവൈത്ത് കെ.എം.സി.സി; അൽ ഹിന്ദ് ടൂർസ് & ട്രാവൽസുമായി ചേർന്ന് നടത്തുന്ന ചാർട്ടേർഡ് വിമാന സർവ്വീസിന് തുടക്കം കുറിച്ചു.

  • 15/06/2020

കുവൈത്ത് സിറ്റി: കോവിഡ് 19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കുവൈത്തിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വേണ്ടി കുവൈത്ത് കെ.എം.സി.സി. അൽ ഹിന്ദ് ടൂർസ് & ട്രാവൽസുമായി ചേർന്ന് നടത്തുന്ന ചാർട്ടേർഡ് വിമാന സർവ്വീസിന് തുടക്കം കുറിച്ചു. ആദ്യ ദിനം രണ്ട് വിമാനങ്ങളാണ് കുവൈത്തിൽ നിന്നും പറന്നുയർന്നത്. ഒരു സംഘടന പൂർണ്ണമായും കുവൈത്തിൽ ചാർട്ടർ ചെയ്യുന്ന വിമാനമെന്ന ഖ്യാതി ഇതോടെ കുവൈത്ത് കെ.എം.സി.സി. ക്ക് സ്വന്തമാകും. ഇത്തരം പ്രവർത്തനങ്ങളിൽ കുവൈത്ത് കെ.എം.സി.സി.യുടെ ഇചാശക്തി വിളിച്ചോതുന്നതായിരുന്നു ഇത്. ഇരു വിമാനങ്ങളിലുമായി 330 മുതിർന്നവരും 12 കുട്ടികളും 4 കൈക്കുഞ്ഞുങ്ങളൂമാണു യാത്രയായത്. മാസ്ക്, കൈയുറകൾ, ലഘുഭക്ഷപാനീയങ്ങൾ എന്നിവയടങ്ങിയ കിറ്റുകൾ നൽകിയാണ് പ്രയാസമനുഭവിക്കുന്ന സഹപ്രവർത്തകരെ യാത്രയാക്കിയതെന്ന് കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്തും ജനറൽ സെക്രട്ടറി എം.കെ. അബ്ദുറസാഖ് പേരാമ്പ്രയും പറഞ്ഞു. കുവൈത്ത് കെ.എം.സി.സി സെക്രട്ടറി എഞ്ചി.മുഷ്താഖ് ആദ്യദിന വിമാന സർവ്വീസിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചപ്പോൾ വൈസ് പ്രസിഡന്റ് ഹാരിസ് വള്ളീയോത്ത് കൊച്ചിയിലേക്കുള്ള വിമാന സർവ്വീസിനു വേണ്ട പ്രവർത്തനങ്ങൾ ക്രോഡികരിച്ചു. വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സുബൈർ പാറക്കടവ്, എൻ.കെ.ഖാലിദ് ഹാജി, ഷഹീദ് പാട്ടില്ലത്ത്, സെക്രട്ടറിമാരായ ടി.ടി.ഷംസു, ഷരീഫ് ഒതുക്കുങ്ങൾ എന്നിവരെ കൂടാതെ കുവൈത്ത് കെ.എം.സി.സി.യുടെ ആത്മാർഥരായ ജില്ലാ മണ്ഡലം ഭാരവാഹികൾ, പ്രവർത്തക സമിതിയംഗങ്ങൾ, വൈറ്റ് ഗാർഡ് അംഗങ്ങൾ തുടങ്ങിയവരുടെ പ്രവർത്തന മികവുമാണ് ഒരു ദിവസം രണ്ട് വിമാനങ്ങൾ സർവ്വീസ് നടത്താൻ സഹായകരമായത്. കോഴിക്കോട്ടേക്ക് പോയ വിമാനത്തിൽ നൂറോളം രോഗികളും തൊഴില്‍ നഷ്ടപ്പെട്ടവരും, പത്തോളം ഗർഭിണികളും സന്ദർശക വിസയിൽ വന്നു കുടുങ്ങിയ അമ്പതോളം പേരും രണ്ട് വിമാനങ്ങളിലായി തിങ്കളാഴ്ച്ച നാട്ടിലേക്ക് പുറപ്പെട്ടതായി കുവൈത്ത് കെ.എം.സി.സി. നേതാക്കൾ പറഞ്ഞു. ജൂൺ 17 നു പുറപ്പെടുന്ന അടുത്ത വിമാനങ്ങളിലേക്കുള്ള യാത്രക്കാരുടെ പട്ടിക ഇതിനോടകം തയ്യാറായിക്കഴിഞ്ഞതായും ഭാരവാഹികൾ പറഞ്ഞു. തുടർന്നുള്ള യാത്രയ്ക്കായി തീരുമാനമെടുത്തവർ, കുവൈത്ത് കെ.എം.സി.സി. ലിങ്കിൽ റജിസ്റ്റർ ചെയ്ത ശേഷം, യാത്ര ചെയ്യാനാഗ്രഹിക്കുന്ന വിമാനത്താവളങ്ങളിലേക്കായി പ്രത്യേകം രൂപീകരിച്ച സമിതിയംഗങ്ങളുമായി ബന്ധപ്പെടുക.

Related News