ചാർട്ടേഡ് വിമാനത്തിൽ നാട്ടിൽ എത്തുന്നവർക്കായി കോവിഡ് ബാധയില്ല എന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്ക് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി. ഇത്തരത്തിൽ ഒരു നിബന്ധന ഇല്ലാതെയാണ് പ്രവാസികൾ ഇതുവരെ നാട്ടിലേക്കെത്തിയിരുന്നത്. എന്നാൽ ജൂൺ മാസം ഇരുപതാം തിയതി മുതൽ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്കു വരണമെങ്കിൽ കോവിഡ് പരിശോധന നടത്തി ,കോവിഡ് ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ മാത്രമേ നാട്ടിലേക്കു വരാൻ സാധിക്കുകയുള്ളു എന്ന് കാണിച്ചുകൊണ്ട് ജൂൺ പതിനൊന്നിന് കേരള സർക്കാർ പുറത്തിറക്കിയ കത്താണ് ഇപ്പോഴുള്ള പ്രതിസന്ധിക്കു കാരണം.
ഇത്തരത്തിൽ ഒരു നിബന്ധന കേന്ദ്ര സർക്കാർ പുറത്തിറക്കിയ എസ് ഓ പി കളിൽ ഇല്ല എന്നും വന്ദേ ഭാരത് മിഷന്റെ ഭാഗമായി വരുന്നവർക്ക് ഇത്തരത്തിൽ ഒരു സർട്ടിഫിക്കറ്റിന്റെ ആവശ്യവുമില്ല. എന്നാൽ ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ ഇത്തരത്തിൽ കോവിഡ് പരിശോധന നടത്തി കോവിഡ് ബാധിതനല്ല എന്ന സർട്ടിഫിക്കറ്റ് ഉണ്ട് എങ്കിൽ മാത്രമേ നാട്ടിലേക്കു വരാൻ സാധിക്കൂ എന്നുള്ളത് ഇന്ത്യൻ ഭരണ ഘടന ഉറപ്പുനൽകുന്ന തുല്യതയുടെയും ജീവിക്കാനുള്ള അവകാശത്തിന്റെയും ലംഘനങ്ങളാണെന്നു നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
കൂടാതെ പലരാജ്യങ്ങളും ഇത്തരത്തിൽ ഒരു ടെസ്റ്റിനായി കനത്ത തുകയാണ് ഈടാക്കുന്നത്. മാസങ്ങളായി ജോലിയും കൂലിയും നഷ്ടപെട്ട പ്രവാസികൾക്ക് ഇത്രയും തുക ചിലവഴിക്കാൻ സാധിക്കുന്നില്ല. മാത്രമല്ല പല രാജ്യങ്ങളിലും രോഗലക്ഷണമില്ലെങ്കിൽ ഇത്തരത്തിൽ ഒരു ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് നൽകുന്നുമില്ല. ആയതിനാൽ ഇപ്പോൾത്തന്നെ കടുത്ത മാനസികവും, ശാരീരികവും സാമ്പത്തികവുമായ ഭാരിച്ച പ്രയാസങ്ങളിലൂടെ കടന്നു പോകുന്ന പ്രവാസികളെ കൂടുതൽ ബുദ്ധിമുട്ടിക്കാതെ നാട്ടിലെത്തിക്കാനാണ് വിവിധ സർക്കാരുകൾ ശ്രമിക്കേണ്ടതെന്നും കേരള സർക്കാരിന്റെ പുതിയ നിർദേശം എത്രയും പെട്ടെന്ന് പിൻവലിക്കണമെന്നും പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ നിവേദനത്തിൽ ആവശ്യപെടുന്നു. സർക്കാർ നടപടി-പുതിയ നിബന്ധന പിൻവലിക്കാത്ത പക്ഷം പ്രവാസി ലീഗൽ സെൽ ഇതിനെ കോടതിയിൽ നേരിടുമെന്ന് അഡ്വ. ജോസ് എബ്രഹാം അറിയിച്ചുണ്ട്.ഈ വിഷത്തിൽ പ്രവാസികളുടെ കേരളത്തിലേക്കുള്ള മടങ്ങിവരവിന് തടസ്സം നിൽക്കാത്ത സർക്കാരിന്റെ അടിയന്തിര നടപടി പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസും, ജനറൽ സെക്രട്ടറി ബിജു സ്റ്റീഫനും പത്രക്കുറിപ്പിൽ അറിയിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?