അടിയന്തിര രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

  • 18/07/2020

കുവൈത്ത് സിറ്റി: കോവിഡ് കാലത്തെ രക്തദൗർലഭ്യം പരിഹരിക്കുന്നതിനായി ബിഡികെ കുവൈത്ത് ചാപ്റ്ററും, കുവൈത്ത് ഡെമോക്രാറ്റിക് ഫോറവും സംയുക്തമായി സെന്ട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ അദാൻ ആശുപത്രിയോടനുബന്ധിച്ചുളള ബ്ലഡ് ബാങ്കിൽ വച്ച്, അടിയന്തിര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ അകാലത്തിൽ വിട്ടുപിരിഞ്ഞ സഹപ്രവർത്തകനും, ബിഡികെ യു എ ഇ കോഓർഡിനേറ്ററുമായ നിതിൻ ചന്ദ്രന്റെ സ്മരണാർത്ഥം കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

കുവൈത്ത് ഡെമോക്രാറ്റിക് ഫോറത്തിന്റെ  പ്രതിനിധികളായ അലി ബോഷെരി, ഹെഡ് ഓഫ് ലീഗൽ, അബ്ദുൽഹാദി അൽ-സ്നഫി, സെക്രട്ടറി ജനറൽ എന്നിവരുടെ നേതൃത്വത്തിൽ പതിനഞ്ചോളം സ്വദേശി യുവാക്കളുൾപ്പെടെ അറുപതിൽ പരം പേർ ക്യാമ്പിൽ പങ്കെടുത്തു. രക്തദാനം മാത്രമല്ല, സാധ്യമായ എല്ലാ മേഘലകളിലും പരസ്പരമുള്ള പങ്കാളിത്തമുണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും, പ്രവാസി സമൂഹം രാജ്യം കെട്ടിപ്പടുക്കുന്നതിനായി നൽകിയിട്ടുള്ള സംഭാവനകളെക്കുറിച്ചും കെ.ഡി.എഫ്. ഭാരവാഹികൾ എടുത്തു പറഞ്ഞു.

പങ്കെടുത്ത എല്ലാവർക്കും മാസ്കുകളും, ഗ്ലൌസും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ വിതരണം ചെയ്ത്, തികച്ചും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ക്യാമ്പ് നടത്തിയത്. കൂടാതെ, ബിഡികെ യുടെ പത്തോളം വരുന്ന പ്രവർത്തകർ തങ്ങളുടെ വാഹനങ്ങളിൽ ബാച്ചുകളായി രക്തദാതാക്കളെ എത്തിച്ചാണ് തിരക്ക് നിയന്ത്രിച്ചത്. കർഫ്യൂ പരിഗണിച്ച്, അവസാന മണിക്കുറുകളിൽ  പങ്കെടുത്തവർക്ക് പ്രത്യേക സാക്ഷ്യ പത്രങ്ങൾ ബ്ലഡ് ബാങ്കധികൃതർ വിതരണം ചെയ്തു. ഓരോ രക്തദാതാവിനും വേണ്ടി ഉപയോഗിച്ച ഉപകരണങ്ങൾ, അടുത്ത ആളിന് മുമ്പായി അണു നശീകരണം നടത്തി തികച്ചും സുരക്ഷിതമായാണ് ബ്ലഡ് ബാങ്കിൽ രക്തം സ്വീകരിക്കുന്നത്.

ക്യാമ്പിൽ, രഘുബാൽ തെങ്ങും തുണ്ടിൽ, രമേശൻ ടി. എം, പ്രവീൺകുമാർ, ജിതിൻ ജോസ്, സുരേന്ദ്രമോഹൻ, തോമസ് അടൂർ, വിനോത്കുമാർ, റിയാസ് പേരാമ്പ്ര, മുജീബ് റഹ്മാൻ, യമുന രഘുബാൽ, ശാലിനി സുരേന്ദ്രമോഹൻ, ലിബു വർക്കി എന്നിവർ സന്നദ്ധപ്രവർത്തനം നടത്തി.

കുവൈത്തിൽ കോവിഡുമായി ബന്ധപ്പെട്ട ലോക്ക്ഡൌൺ മാർച്ച് മാസത്തിൽ ആരംഭിച്ചതിനാൽ, കോവിഡ് കാലത്തെ ബഹുജനപങ്കാളിത്തത്തോടെയുള്ള ക്യാമ്പുകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. തുടർന്നുണ്ടായ രക്ത ദൗർലഭ്യത്തെ തുടർന്ന് സെൻട്രൽ ബ്ലഡ് ബാങ്കിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ബിഡികെ കുവൈത്ത് ക്യാമ്പ് സംഘടിപ്പിച്ചത്. ലോക്ക് ഡൗൺ കാലയളവിൽ നൂറോളം യൂണിറ്റ് രക്തം വിവിധ ആശുപത്രികളിലായുള്ള രോഗികൾക്കായി എത്തിച്ചു നൽകുവാനും ബിഡികെ കുവൈത്തിന് കഴിഞ്ഞിട്ടുണ്ട്. തുടർന്നുള്ള മാസങ്ങളിലും വിവിധ പ്രവാസി സംഘടനകളുടെ പിന്തുണയോടെ രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു.

കുവൈത്തിൽ ബിഡികെ യോട് സഹകരിച്ച് രക്തദാനക്യാമ്പുകൾ സംഘടിപ്പിക്കുവാൻ താത്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും, 6999 7588 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

Related News