കുവൈറ്റിൽ നിന്നുള്ള വിമാനങ്ങൾക്കേർപ്പെടുത്തിയ വിലക്ക്: കേന്ദ്ര സർക്കാരിന് കല കുവൈറ്റ് കത്തയച്ചു.

  • 26/07/2020

കുവൈറ്റ് സിറ്റി:  ജൂലൈ 31 വരെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് പ്രതിഷേധിച്ചു. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ നിർത്തലാക്കിയപ്പോൾ പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷനിലെ വിമാന സർവീസുകൾ അപര്യാപ്തമായ സാഹചര്യത്തിലാണ് വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിൽ  ചാർട്ടേഡ് വിമാന സർവീസുകൾ ഏർപ്പെടുത്തിയിരുന്നത്. വിവിധ കാരണങ്ങളാൽ വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികൾക്ക് ഇത്തരം സർവീസുകൾ വലിയൊരാശ്വാസമായി മാറിയിരുന്നു. ജോലി നഷ്ടപ്പെട്ടവർ, ഗർഭിണികൾ, ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാനിരുന്നവർ, സന്ദർശക വിസയിൽ വന്ന് തിരിച്ചുപോകാൻ കഴിയാതിരുന്നവർ തുടങ്ങി ഇത്തരത്തിലുള്ള നിരവധിയാളുകളാണ് ഇനിയും തിരിച്ചു പോകുന്നതിനായി ഇവിടെ കാത്തു നിൽക്കുന്നത്. മാസാവസാനത്തിൽ സ്വന്തം ഫ്ലാറ്റുകൾ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങുന്നതിനായി എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നവർക്ക് താമസിക്കാൻ ഇടം കൂടി ഇല്ലാതാക്കുന്ന അവസ്ഥയാണ് ജൂലൈ 31 വരെ കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയ വ്യോമയാന വകുപ്പിന്റെ ഈ ഉത്തരവ് ഉണ്ടാക്കിയിരിക്കുന്നത്. അതുപോലെ വിദേശത്തു നിന്നും അവധിക്കായി നാട്ടിലേക്ക് മടങ്ങിയ ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെയുള്ളവരെ തിരികെയെത്തിക്കുന്നതിന് ഗൾഫ് രാജ്യങ്ങൾ ആഗസ്റ്റ് ഒന്നു മുതൽ ഏർപ്പെടുത്തിയിട്ടുള്ള വിമാനസർവീസുകൾക്കും ഇതുവരെ കേന്ദ്ര സർക്കാർ അനുമതിയായിട്ടില്ല. നാട്ടിലെത്തി ആറുമാസം കഴിഞ്ഞ് മടങ്ങാനാവാത്തതിനെ തുടർന്ന് ജോലി തന്നെ നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് പലരും ഉള്ളത്. ഈ സാഹചര്യത്തിൽ കുവൈറ്റിൽ നിന്നുള്ള  വിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻ‌വലിക്കണമെന്നും പ്രവാസികൾക്ക് തിരികെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്നും കല കുവൈറ്റ് ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ അടിയന്തിര ഇടപെടലുണ്ടാകാണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള മുഖ്യമന്ത്രിക്കും, കേന്ദ്ര വ്യോമയാന മന്ത്രിക്കും, നോർക്ക വകുപ്പിനും കത്തുകൾ അയച്ചതായി കല കുവൈറ്റ് പ്രസിഡന്റ് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സികെ നൌഷാദ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Related News