കേഫാക് ലീഗിന് ഉജ്ജ്വല തുടക്കം

  • 27/07/2020

മിശ്രിഫ് (കുവൈത്ത്): കേരള ഫുട്ബാള്‍ ഏക്സ്പ്പാര്‍ട്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന എട്ടാമത് യുണിമണി കെഫാക് ലീഗിന് ഉജ്ജ്വലമായ തുടക്കം കുറിച്ചു. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന വിവിധ ടീമുകള്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ കുവൈത്ത് മുന്‍ അന്താരാഷ്ട്ര ഫുട്ബാള്‍ താരങ്ങളായ ജാസിം യാഖൂബ് , മുഹമ്മദ്‌ അല്‍ സായര്‍, മുഹമ്മദ് ഖലീല്‍ ,അബ്ദുല്‍ അസീസ്‌ ഹസന്‍, അഡ്മിനിസ്ട്രീവ് ആന്‍ഡ് ഫിനാന്‍സ് ഡെപ്യൂട്ടി ഡയറക്ടറായ അലി മര്‍വി അല്‍ ഹദിയ,യുണിമണി മാര്‍ക്കറ്റിംഗ് ഹെഡ് രഞ്ജിത്ത് പിള്ള എന്നീവര്‍ മുഖ്യാതിഥികളായിരുന്നു.വിജയകരമായ ഏഴ് സീസണുകളിലും കിടയറ്റ പ്രകടനനങ്ങളായിരുന്നു പങ്കെടുത്ത മുഴുവന്‍ ടീമുകളും കാഴ്ചവച്ചത്. പ്രവാസികളില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കായിക സംസ്‌കാരം തിരിച്ചുപിടിക്കുന്നതോടപ്പം തന്നെ മികച്ച ടീമിനെയും കളിക്കാരെയും കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടയാണ് ഫുട്ബാള്‍ ലീഗിന് കേഫാക് തുടക്കം കുറിച്ചത്. ലീഗിന്റെ ഭാഗമായി നിരവധി പരിശീലന സംവിധാനങ്ങളും കോച്ചിംഗും കേഫാക് സംഘടിപ്പിക്കാറുണ്ട്.പത്ത് മാസത്തോളം നീണ്ടുനില്‍ക്കുന്ന സീസണ്‍ എട്ടില്‍ കുവൈറ്റിലെ പ്രമുഖരായ 18 ടീമുകളാണ് സോക്കര്‍ ലീഗിലും മാസ്റ്റേഴ്സ് ലീഗിലും പന്ത് തട്ടാനിറങ്ങുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സോക്കര്‍ കേരളയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് മലപ്പുറം ബ്രദേര്‍സ് അട്ടിമറിച്ചു. തുടക്ക മിനിറ്റുകളില്‍ തന്നെ മലപ്പുറം ബ്രദേര്‍സ് റൗഫിലൂടെ ലീഡ് നേടി.ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇര്‍ഷാദിലൂടെ ലീഡ് ഉയര്‍ത്തിയ മലപ്പുറം മിന്നുന്ന ഫോമിലായിരുന്നു.രണ്ട് ഗോള്‍ വീണതോടെ ഉണര്‍ന്ന് കളിച്ചെങ്കിലും സോക്കര്‍ കേരളയുടെ ഗോളിയും പ്രതിരോധനിറക്കാരെയും കബളിപ്പിച്ച് താരിഖിലൂടെ മൂന്നാം ഗോള്‍ നേടുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ റണ്ണേര്‍സ് അപ്പായ ബോസ്കോ ചാമ്പ്യന്‍സ് എഫ്.സിയും യംഗ് ഷൂട്ടേര്‍സും തമ്മില്‍ നടന്ന സോക്കര്‍ ലീഗിലെ രണ്ടാം മത്സരം സമനിലയില്‍ പിരിഞ്ഞു. ചാമ്പ്യന്‍സ് എഫ്.സിക്ക് വേണ്ടി മുത്തുവും അബിലും യംഗ് ഷൂട്ടേര്‍സിന് വേണ്ടി സാദിഖും റഷീദും ഗോളുകള്‍ സ്കോര്‍ ചെയ്തു.

കനത്ത ചൂടിനെ വകവെക്കാതെ നിരവധി പേരാണ് കളികാണുവാന്‍ ഗാലറിയിലെത്തിയത്.എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്ന് മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത് .കുവൈത്തിലെ മുഴുവന്‍ ഫുട്ബാള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 99641069,99708812,55916413 ബന്ധപ്പെടുക.

Related News