ഫര്‍വാനിയ, ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് സൂചന

  • 05/04/2020

കുവൈത്ത് സിറ്റി: കൊറോണ വൈറസ്‌ വ്യാപിക്കുന്നതിന്റെ പാശ്ചാത്തലത്തില്‍ ഫര്‍വാനിയ, ജലീബ്, മഹബുള്ള തുടങ്ങിയ പ്രദേശങ്ങളില്‍ പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ചേക്കാമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ സീഫ് കൊട്ടാരത്തിൽ നടന്ന യോഗത്തിൽ കർഫ്യൂ സമയം നീട്ടുന്നതിനെ കുറിച്ചും വിദേശികള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ നിരോധനാജ്ഞ നടപ്പാക്കുന്നതിനെ കുറിച്ചും മന്ത്രിസഭ ചര്‍ച്ച ചെയ്തിരുന്നു. വിദേശികള്‍ക്കിടയില്‍ കൊറോണ വ്യാപനം കൂടുതലായതിനെ തുടര്‍ന്നാണ്‌ പുതിയ തീരുമാനം എടുക്കുന്നതെന്ന് സൂചന. ഫര്‍വാനിയ, ജലീബ്, മഹബുള്ള പ്രദേശങ്ങളില്‍ അകത്തേക്കും പുറത്തേക്കുമുള്ള പോയിന്റുകളില്‍ സ്പെഷ്യല്‍ ഫോര്‍സിന്റെ നേതൃത്വത്തില്‍ ചെക്ക് പോയിന്റ്‌ സ്ഥാപിക്കും. സഞ്ചാരത്തിനായി നിശ്ചിത സമയം മാത്രമായി പരിമിതപ്പെടുത്തും. അത്യാവശ്യ കാര്യങ്ങൾക്ക്​ മുൻകൂർ അനുമതിയോടെ പുറത്തിറങ്ങാം. ഇതിനായി അഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണിക്കുന്നത്. വൈറസ്​ പ്രതിരോധിക്കാൻ രാജ്യത്ത്​ ചില ഭാഗങ്ങളിൽ പൂർണ നിരോധനാജ്ഞ ഏർപ്പെടുത്തണമെന്ന്​ സഫ അൽ ഹാഷിം അടക്കമുള്ള നിരവധി എം.പിമാര്‍ ആവശ്യപ്പെട്ടിരുന്നു. പകർച്ചവ്യാധിയുടെ ഉറവിടം കണ്ടെത്താൻ ഇത്​ അത്യാവശ്യമാണ്​. വൈറസ്​ സ്ഥിരീകരിച്ച ഭാഗങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയില്ലെങ്കിൽ സാമൂഹിക വ്യാപനത്തിന്​ വഴിവെക്കും. വിദേശികൾ സർക്കാർ മാർഗനിർദേശം പാലിക്കാതെ പുറത്തിറങ്ങുന്നത്​ തടയാൻ പൂർണ നിയ​ന്ത്രണം മാത്രമാണ്​ വഴിയെന്ന്​ പാര്‍ലിമെന്റ് അംഗങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു.

Related News