പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനം: സുരക്ഷ വീഴ്ച ഇല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി; ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും

  • 05/01/2022

അമൃത്സർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷ വീഴ്ചയിൽ പഞ്ചാബ് സർക്കാർ ഇന്ന് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയേക്കും. സുരക്ഷ വീഴ്ച ഇല്ലെന്നാണ് മുഖ്യമന്ത്രി ചരൺജിത്ത് സിംഗ് ചന്നി വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ യാത്ര റോഡ് മാർഗ്ഗമാക്കാൻ പെട്ടെന്ന് തീരുമാനമെടുത്തു എന്നാണ് സംസ്ഥാനത്തിന്റെ വിശദീകരണം. 

കർഷകരുടെ പ്രതിഷേധം കാരണം പ്രധാനമന്ത്രിയുടെ വാഹനം പതിനഞ്ച് മിനിറ്റിലധികമാണ് വഴിയിൽ കിടന്നത്. എസ്പിജിയും സംഭവത്തിൽ റിപ്പോർട്ട് തയ്യാറാക്കുന്നുണ്ട്. സംഭവത്തിൻറെ പേരിൽ  ബിജെപിക്കും കോൺഗ്രസിനുമിടയിൽ രാഷ്ട്രീയ ആരോപണപ്രത്യാരോപണം തുടരുകയാണ്.  'പ്രതിഷേധക്കാർ കുത്തിയിരുന്നതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞു. പ്രതിഷേധമുണ്ടാകാൻ കുറഞ്ഞത് 10 മുതൽ 20 മിനിറ്റ് വരെ എടുക്കും. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കുകയും മറ്റൊരു വഴിയിലൂടെ പോകാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷേ അദ്ദേഹം തിരിച്ചുപോകാനാണ് തീരുമാനിച്ചത്. ഒരുതരത്തിലുള്ള സുരക്ഷാ വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ആക്രമണത്തിന്റെ സാഹചര്യം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, കർഷക രോഷത്തെ തുടർന്ന് പഞ്ചാബിലെ ഫ്ളൈ ഓവറിൽ 20 മിനിറ്റ് കുടുങ്ങിയ സംഭവത്തിൽ കടുത്ത രോഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്.  ഉദ്യോഗസ്ഥരോട് അതൃപ്തി പ്രകടിപ്പിച്ച മോദി, ജീവനോടെ തിരികെ എത്തിയതിന് മുഖ്യമന്ത്രിക്ക് നന്ദി അറിയിക്കണമെന്ന് പറഞ്ഞു.

Related News