വെള്ളം ഒഴിച്ചു ഭിത്തി കുതിര്‍ത്തു, പ്ലേറ്റ് കൊണ്ടു തുരന്നു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി, ഒരാളെ കണ്ടെത്തി

  • 14/02/2022

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ വീണ്ടും സുരക്ഷാ വീഴ്ച. കേന്ദ്രത്തിൽ നിന്ന് രണ്ട് അന്തേവാസികൾ ചാടിപ്പോയി. പുരുഷനും സ്ത്രീയുമാണ് ചാടിപ്പോയത്. 5,9 വാർഡുകളിലെ അന്തേവാസികളാണിവർ. ഇതില്‍ സ്ത്രീയെ പിന്നീട് കണ്ടെത്തി.  മലപ്പുറത്തു നിന്നാണ് കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിതാ സെല്ലിലേക്ക് മാറ്റി. 

കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡില്‍ നിന്ന് തന്നെയാണ് സ്ത്രീ ചാടിപ്പോയത്. രാവിലെ അഞ്ചരയ്ക്കാണ് സംഭവം. പഴയ കെട്ടിടത്തിൻറെ ചുവര് വെള്ളം കൊണ്ട് നനച്ച് പാത്രം കൊണ്ട് തുരന്ന നിലയിൽ ആയിരുന്നെന്ന് സൂപ്രണ്ട് പറയുന്നു. രാവിലെ ഏഴ് മണിയോടെ കുളിക്കാൻ കൊണ്ടു പോകുന്നതിനിടെയാണ് പുരുഷൻ ഓടിപ്പോയത്. സംഭവങ്ങളിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കാണാതായ സ്ത്രീ മലപ്പുറം പൂക്കോട്ടുംപാടം സ്വദേശിയും പുരുഷൻ കോഴിക്കോട് നടക്കാവ് സ്വദേശിയുമാണ്.

ഫെബ്രുവരി പത്തിനാണ് അന്തേവാസിയായ യുവതിയെ ഇവിടെ മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്ര സ്വദേശിനിയായ ജിയ റാം ജിലോട്ട് ആണ് മരിച്ചത്. തലേന്ന് രാത്രി അന്തേവാസികൾ തമ്മിൽ തർക്കമുണ്ടായതിന് പിന്നാലെയാണ് ജിയ റാമിനെ മരിച്ച നിലയിൽ കണ്ടത്. പിന്നീട് ഇത് കൊലപാതകമാണെന്ന് കണ്ടെത്തി.

സ്ഥാപനത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. 168 സ്ത്രീകളും 301 പുരുഷന്മാരും അടക്കം 469 അന്തേവാസികളുള്ള കേന്ദ്രത്തിൽ 4 പുരുഷ സുരക്ഷാ ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ഉള്ളത്. നാല് പേരും താത്കാലിക ജീവനക്കാരാണ്. സുരക്ഷാ ജീവനക്കാരുടെ കുറവ് വലിയ പ്രശ്നമായി തന്നെയാണ് ആരോഗ്യ വകുപ്പിൻറെ വിലയിരുത്തൽ.

Related News