മദ്യപാനവും മർദ്ദനവും പരിധിവിട്ടു; വരാന്തയിൽ ഉറങ്ങിക്കിടന്ന ഭ‍ർത്താവിനെ തീക്കൊളുത്തി, ഭാര്യ പിടിയിൽ

  • 15/02/2022

പാലക്കാട്: പാലക്കാട് വീടിന്‍റെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭ‍ർത്താവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. കൊലപാതക ശ്രമത്തിൽ പുതൂ‍ർ ഓൾഡ് കോളനിയിലെ സുബ്രഹ്മണ്യന് ​ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച രാത്രി 12. 30ഓടെയാണ് കൊലപാതക ശ്രമം നടന്നത്. ഭാര്യ ശശികലയാണ് പിടിയിലായത്.

സംഭവദിവസം സുബ്രഹ്മണ്യൻ വീട്ടില്‍ മദ്യപിച്ചാണ് എത്തിയത്. തുടര്‍ന്ന് ഇയാള്‍ വീടിന് പുറത്തെ വരാന്തയിൽ കിടന്നു. ഭാര്യ ശശികല ഇളയമകനുമൊത്ത് അകത്തെ മുറിയിലും കിടന്നു. മൂത്തമകൻ അടുത്തുള്ള ബന്ധുവീട്ടിലായിരുന്നു. ഉറങ്ങിക്കിടക്കുന്ന തന്റെ മേൽ തീ പട‍രുന്നത് അറിഞ്ഞ് സുബ്രഹ്മണ്യൻ ഞെട്ടിയുണ‍ർന്ന് നിലവിളിച്ചു. ഇതുകേട്ട് ഓടിയെത്തിയ നാട്ടുകാരും ഭാര്യയും ചേ‍ർന്ന് തീയണച്ചു. 

ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് തൃശൂ‍ർ മെഡിക്കൽ കോളേജിലേക്കും അവിടെ നിന്ന് എറണാകുളം ജനറൽ ആശുപത്രിയിലേക്കും മാറ്റി. ഇയാൾക്ക് 60 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ഉറങ്ങിക്കിടക്കുകയായിരുന്ന തന്നെ ആരോ തീക്കൊളുത്തിയതാണെന്ന സുബ്രഹ്മണ്യന്റെ മൊഴിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനൊടുവിലാണ് ഭാര്യ ശശികലയെ അറസ്റ്റ് ചെയ്തത്. 

സ്ഥിരമായി മദ്യപിച്ചെത്തുന്ന സുബ്രഹ്മണ്യൻ തന്നെയും മക്കളെയും മ‍ർദ്ദിക്കുന്നത് പതിവായിരുന്നുവെന്നും ഇതാണ് തീക്കൊളുത്താൻ കാരണമായതെന്നും ശശികല പറഞ്ഞു. മാത്രമല്ല, സുബ്രഹ്മണ്യന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ശശികല കുറ്റം സമ്മതിച്ചതോടെ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Related News