മകള്‍ തന്‍റേതല്ലെന്ന് സംശയം; രണ്ടര വയസ്സുകാരിയെ അച്ഛന്‍ പീഡിപ്പിച്ചു, ജീവപര്യന്തം കഠിന തടവും പിഴയും

  • 18/02/2022

തിരുവനന്തപുരം: തിരുവനന്തപുരത്ത് രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. മുട്ടട മരപ്പാലം സ്വദേശി അരുണ്‍ കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.

2018 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതിയും ഭാര്യയും ഭാര്യയുടെ രക്ഷിതാക്കളും ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും പീഡനത്തിന് ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടന്നിരുന്നത്. കുട്ടി ജനിച്ചത് മുതല്‍ തന്റെതല്ലെന്ന് ആരോപിച്ച് ഇയാള്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കണ്ടത്. 

മുറിവ് എങ്ങനെയുണ്ടായെന്ന് ചോദിച്ചപ്പോൾ കുട്ടി കരയുകയല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. എന്നാല്‍  പ്രസവിച്ചതു മുതൽ കുട്ടി തന്റേതല്ലെന്നു പറഞ്ഞു പ്രതി ഭാര്യയോടു ബഹളം വച്ചിരുന്നതിനാല്‍ പ്രതിയെ ഭാര്യയ്ക്ക് സംശയമുണ്ടായിരുന്നു. ഭാര്യയ്ക്കു വേറെ ബന്ധമുണ്ടെന്നും ഇതു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞത് സംശയം വർധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽ കേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതാണ് അമ്മ കണ്ടത്. ഇവർ ബഹളം വച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. 

അടുത്ത ദിവസവും പ്രതി ഇത് തന്നെ ആവര്‍ത്തിച്ചു. തുടര്‍ന്ന് കുട്ടിയെ രാത്രി അമ്മൂമ്മയുടെ അടുത്തു കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരിക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ ഇടപെട്ടാണു പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് കുട്ടിയുടെ പരിക്ക് ഭേദമായത്.

പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.
പ്രായം കുറവായിരുന്നതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായ മൊഴിയാണ് നൽകിയത്. കുട്ടി തന്റേതല്ലെന്ന് ആരോപിച്ച് മകളെ പീഡിപ്പിച്ച പ്രതി ദയ അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. 



Related News