ചെറാട് രക്ഷാപ്രവർത്തനത്തിലെ വീഴ്ച; കൂട്ട നടപടിയുമായി ഫയർ ആന്റ് റസ്‌ക്യൂ

  • 18/02/2022

പാലക്കാട്:  ചെറാട് മലയിൽ ബാബു എന്ന യുവാവ് കുടുങ്ങിയ സംഭവത്തിൽ രക്ഷാ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുമായി ഫയർ ആന്റ് റസ്‌ക്യൂ വിഭാഗം. ജില്ലാ ഫയർ ഓഫീസർ ഉൾപ്പടെ മൂന്നുപേരെ  സ്ഥലം മാറ്റി  ഫയർഫോഴ്‌സ് ഡയറക്ടർ ഉത്തരവിറക്കി. 

ജില്ലാ ഫയർ ഓഫീസർ വി.കെ. ഋതീജിനെ വിയ്യൂർ ഫയർ ഫോഴ്‌സ് അക്കാദമിയിലേക്കാണ് സ്ഥലം മാറ്റിയത്. മലപ്പുറം ജില്ലാ ഫയർ ഓഫീസറായ റ്റി. അനൂപിന് പകരം ചുമതല നൽകി. മലപ്പുറത്തേക്ക് വിയ്യൂർ അക്കാദമിയിൽ നിന്നുള്ള എസ്.എൽ. ദിലീപിനെ ജില്ലാ ഫയർ ഓഫീസറായി നിയമിച്ചു. കഞ്ചിക്കോട്,. പാലക്കാട് സ്റ്റേഷൻ ഓഫീസർമാരെ പരസ്പരം സ്ഥലം മാറ്റി. പാലക്കാട് സ്റ്റേഷൻ ഓഫീസറായിരുന്ന ആർ. ഹിദേഷിനെ കഞ്ചിക്കോടേക്കും കഞ്ചിക്കോട് സ്റ്റേഷൻ ഓഫീസറായിരുന്ന ജോമി ജേക്കബിനെ പാലക്കാടേക്കും സ്ഥലം മാറ്റി. മലയിൽ കുടുങ്ങിയ ബാബുവിന് വെള്ളമെങ്കിലും കൊടുക്കാനാവാത്തത്തിൽ ജില്ലാ ഫയർഫോഴ്‌സിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. ജില്ലാ ഫയർ ഓഫീസറോട് വിശദീകരണം തേടുകയും ചെയ്തിരുന്നു. മറുപടി ലഭിച്ച ശേഷമാണ് വകുപ്പുതല നടപടി. 

ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെതിരെ വനംവകുപ്പ് കേസ് എടുത്തിട്ടുണ്ട്. വനത്തിൽ അതിക്രമിച്ച് കടന്നതിനാണ് കേസ്. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരം വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസ് എടുത്തത്.

Related News