പിടിച്ചെടുത്തത് 1000 കുപ്പി വിദേശ മദ്യം; ഫഹാഹീലിൽ നാല് പ്രവാസികള്‍ അറസ്റ്റിൽ

  • 09/11/2023



കുവൈത്ത് സിറ്റി:  ഫഹാഹീൽ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന മദ്യനിർമ്മാണശാലയില്‍ റെയ്ഡുമായി അധികൃതര്‍. ഫഹാഹീൽ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥർ നടത്തിയ റെയ്ഡിലാണ് അപ്പാർട്ട്മെന്റിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന മദ്യനിർമ്മാണശാല കണ്ടെത്തിയത്. മദ്യനിർമ്മാണത്തിന് ഈ അപ്പാർട്ട്മെന്റ് ഉപയോ​ഗിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ നടന്നത്. 

ഉദ്യോ​ഗസ്ഥർ നടത്തിയ പരിശോധനയിൽ 100 കുപ്പി വിദേശമദ്യം, പ്രാദേശികമായി നിർമ്മിച്ച 1000 കുപ്പി മദ്യം, മദ്യം നിറച്ച ബാരലുകൾ, മദ്യനിർമ്മാണത്തിനുള്ള ഉപകരണം എന്നിവ പിടിച്ചെടുത്തു. നാല് പ്രവാസികളെയും ഇവിടെ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ പ്രവാസികൾ കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി. കാലി കുപ്പികൾ ഇറക്കുമതി ചെയ്യുകയും ഇവയിൽ മദ്യം നിറച്ച് വിദേശ മദ്യമെന്ന പേരിൽ വിൽപ്പന നടത്തുകയും ചെയ്തതായാണ് പ്രതികളുടെ കുറ്റസമ്മതം. നാല് പ്രവാസികളെയും പിടിച്ചെടുത്ത മദ്യവും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News