അമിരി ഹോസ്പിറ്റലിൽ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗം പ്രവർത്തനം ആരംഭിച്ചു

  • 11/11/2023



കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയം അമിരി ഹോസ്പിറ്റലിൽ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ് തുറന്നു. പൗരന്മാർക്ക് മികച്ച ആരോഗ്യ സേവനങ്ങൾ നൽകുന്നതിനും അവരുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്‍റെയും ഭാഗമായി കുട്ടികൾക്ക് ചികിത്സാ പരിചരണ സേവനങ്ങൾ നൽകുന്നതിന് വേണ്ടിയാണ് ഈ പരിശ്രമങ്ങള്‍. ഈ പുതിയ സേവനം ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും. 

ദിവസത്തിലെ മുഴുവൻ സമയവും പീഡിയാട്രിക് ഇന്‍റൻസീവ് കെയറിൽ വിദഗ്ധരായ ഒരു മെഡിക്കൽ ടീം സേവനത്തിന് സജ്ജമായി ഉണ്ടാകും. തീവ്രപരിചരണത്തിൽ പ്രവേശിപ്പിക്കേണ്ട ഗുരുതരമായ അവസ്ഥകളുള്ള 20 ഓളം കുട്ടികളാണ് ഇതുവരെ ചികിത്സ തേടിയിട്ടുള്ളതെന്ന് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗം മേധാവി ഡോ. വഫ അൽ അതീഖി പറഞ്ഞു.  ശ്വാസതടസ്സം, അലർജി ആസ്ത്മ, ഗുരുതരമായ അണുബാധകൾ, കൂടാതെ മറ്റു ചില രോഗങ്ങളും ബാധിച്ച കുട്ടികളാണ് ചികിത്സ തേടിയിട്ടുള്ളത്. അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും സെന്‍ററില്‍ സജ്ജമാക്കിയിട്ടുണ്ട്.

Related News