മഴക്കാലത്തേക്ക് ഡ്രെയിനേജ് നെറ്റ്‍വര്‍ക്ക് സജ്ജമായിട്ടില്ലെന്ന് മന്ത്രി; അടിയന്തര നടപടികള്‍

  • 13/11/2023



കുവൈത്ത് സിറ്റി: മഴക്കാലം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കുവൈത്ത്. ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇൻഫർമേഷൻ മന്ത്രാലയം, നാഷനൽ ഗാർഡ്, കുവൈത്ത് മുനിസിപ്പാലിറ്റി, ഓയിൽ മന്ത്രാലയം, സിവിൽ ഡിഫൻസ് ജനറൽ അഡ്മിനിസ്ട്രേഷൻ, റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി എന്നിവര്‍ക്ക് സുപ്രധാനമായ ചുമതലകള്‍ മന്ത്രിമാരുടെ കൗൺസിൽ നല്‍കിയിട്ടുണ്ട്. അടിയന്തര ജോലികൾ നിർവഹിക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുന്നത് ഉള്‍പ്പെടെ പൊതുമരാമത്ത് മന്ത്രാലയവുമായുള്ള ഏകോപനത്തോടെ പ്രവര്‍ത്തനം നടത്തണമെന്നാണ് നിര്‍ദേശം.

മഴക്കാലത്ത് അടിയന്തര ജോലികൾ ചെയ്യാൻ ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കണമെന്ന വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രിയുടെ കത്ത് കൗണ്‍സില്‍ ചര്‍ച്ച ചെയ്തു. പൊതുമരാമത്ത് മന്ത്രാലയത്തിൽ നിലവിലുള്ള കരാറുകളുടെ അഭാവവും കത്തില്‍ വിശദമാക്കിയിരുന്നു. പൊതുമരാമത്ത് മന്ത്രാലയത്തിന്റെയും ജനറൽ അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ലാൻഡ് ട്രാൻസ്‌പോർട്ടിന്റെയും സീസൺ മുന്നൊരുക്കങ്ങളും നിലവിലെ സാഹചര്യവും സംബന്ധിച്ചുള്ള പ്രസന്‍റേഷനും കൗണ്‍സില്‍ വിലയിരുത്തി. അടുത്ത മഴക്കാലത്തേക്ക് ഡ്രെയിനേജ് നെറ്റ്‍വര്‍ക്ക് സജ്ജമായിട്ടില്ല എന്നും വൈദ്യുതി മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.

Related News