അനധികൃത താമസക്കാരെ വിടാതെ പിന്തുടർന്ന് അധികൃതർ; വിസക്ക് ഈടാക്കുന്നത് 2000 കുവൈറ്റ് ദിനാർ വരെ

  • 16/11/2023

 

കുവൈത്ത് സിറ്റി: രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടുന്നതിനുള്ള പരിശോധനകൾ ഊർജിതമായി തുടരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങളിലാണ് ഏറ്റവും കൂടതൽ അനധികൃത താമസക്കാർ അറസ്റ്റിലായത്. ഓഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി യഥാക്രമം 1,175, 996, 836 എന്നിങ്ങനെയാണ് അറസ്റ്റുകൾ രേഖപ്പെടുത്തിയതെന്ന് മാൻപവർ അതോറിറ്റി വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, മാൻപവർ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള സംയുക്ത കമ്മിറ്റി താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 5,504 തൊഴിലാളികളെ അറസ്റ്റ് ചെയ്തതായി കണക്കുകൾ. 

ഈ വർഷം ആദ്യം മുതൽ കഴിഞ്ഞ ഒക്ടോബർ വരെ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്. ഇവരെ രാജ്യത്ത് നിന്ന് നാടുകടത്താനുള്ള നിയമനടപടികൾ സ്വീകരിച്ചു. ആർട്ടിക്കിൾ (18) പ്രകാരമുള്ള സ്വകാര്യ മേഖലയിലെ 2,115 തൊഴിലാളികളും ആർട്ടിക്കിൾ (20) പ്രകാരമുള്ള 1,429 ഗാർഹിക തൊഴിലാളികളും നിയമം ലംഘിച്ചതിന് പിടിയിലായി. റിക്രൂട്ട് ചെയ്യുന്നതിന് പകരമായി ബിസിനസ്സ് ഉടമകൾക്ക് 1,500 മുതൽ 2,000 ദിനാർ വരെ പണം നൽകിയതായി അറസ്റ്റിലായവരിൽ ചിലർ വെളിപ്പെടുത്തിയതായും അധികൃതർ പറഞ്ഞു.

Related News